കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിയ്ക്ക്

By Web DeskFirst Published Jul 3, 2017, 6:15 AM IST
Highlights

മോസ്കോ: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടം ജർമ്മനിയ്ക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് ജർമ്മനി ചിലെയെ തോൽപ്പിച്ചത്. ലോകകപ്പിന് പുറമെ കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോൾ കിരീടവും നേടി ജർമ്മൻ ടീം. യുവ നിരയുടെ കരുത്തിൽ കോപ്പ അമേരിക്കൻ ചാമ്പ്യന്മാരായ ചിലെയെ ജർമ്മനി മുട്ടുകുത്തിച്ചു.

ഇരുപതാം മിനുറ്റിൽ ലാർസ് സ്റ്റിൻഡിലാണ് ജർമ്മനിയുടെ വിജയഗോൾ നേടിയത്. ചിലെ താരം മാഴ്സലോ ദയസിന്റെ പിഴവിൽ നിന്നു പന്തു കിട്ടിയ ടിമോ വെർണർ നൽകിയ പാസ് സ്റ്റിൻഡിൽ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ആക്രമണത്തിൽ ചിലെ തന്നെയായിരുന്നു മുന്നിൽ. എന്നാൽ കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാനാകാതെ ചിലെ താരങ്ങൾ കുഴഞ്ഞു.

കളിയുടെ അവസാന നിമിഷങ്ങളിൽ ജർമ്മൻ ഗോളി സ്റ്റെഗന്റെ  സേവുകളാണ് ടീമിനെ കാത്തത്. മാൻ ഓഫ് മാച്ചും സ്റ്റെഗൻ തന്നെ.  അതേ സമയം കോൺഫെഡറേഷൻസ് കപ്പ്  ഫുട്ബോളില്‍  പോർച്ചുഗലിന് മൂന്നാം സ്ഥാനം. മെക്സിക്കോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗൽ തോല്‍പ്പിച്ചത്. 

ആദ്യം സെൽഫ് ഗോൾ വഴങ്ങിയ പോർച്ചുഗൽ അധിക സമയത്ത് നേടിയ രണ്ടു ഗോളുകളാണ് തുണയായത്. ലൂയിസ് നെറ്റോയുടെ സെല്‍ഫ് ഗോളിലൂടെ മെക്സിക്കോയാണ് ആദ്യം മുന്നിലെത്തിയത്. ഇഞ്ചുറി ടൈമില്‍ പെപ്പയിലൂടെ പൊര്‍ച്ചുഗല്‍ സമനില പിടിച്ചു. ഒടുവില്‍ കിട്ടിയ പെനാൽട്ടി ലക്ഷ്യത്തില്‍ എത്തിച്ച് അഡ്രിയൻ സില്‍വയാണ് പറങ്കിപ്പടയക്ക് വിജയം സമ്മാനിച്ചത്.

ഫ്രാൻസിന് ശേഷം ലോകകപ്പും കോൺഫെഡറേഷൻസ് കപ്പും നേടുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ജർമ്മനി.ഈ ജയത്തോടെ ജർമ്മനി ഫിഫ റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്തി.

click me!