ഓസ്ട്രേലിയന്‍ പേസ് ഇതിഹാസവും പറയുന്നു; നമ്മുടെ ബേസില്‍ ഒരു സംഭവമാണ്

By Web DeskFirst Published Jul 18, 2017, 5:03 PM IST
Highlights

ചെന്നൈ: ഈ വര്‍ഷത്തെ ഐപിഎല്ലില്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ പ്രശംസ. ഇന്ത്യയുടെ ഏറ്റവും മികച്ച ഭാവി വാഗാദാനങ്ങളിലൊരാളായ ബേസിലിന് ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രതിഭയുണ്ടെന്ന് മക്‌ഗ്രാത്ത് പറഞ്ഞു.എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ നടന്ന ചടങ്ങിലാണ് മക്‌ഗ്രാത്ത് മലയാളി താരത്തെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചത്.

നിലവിലെ ഇന്ത്യന്‍ പേസ് ബൗളിംഗ് നിര സുശക്തമാണെന്നും ബേസിലിനെപ്പോലുള്ള താരങ്ങളുടെ കടന്നുവരവ് ഭാവിയില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും മക്‌ഗ്രാത്ത് പറഞ്ഞു. ബൗളറെന്ന നിലയില്‍ ബേസില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഐപിഎല്ലിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ബേസിലിന് എംആര്‍എഫ് അക്കാദമിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും മക്‌ഗ്രാത്ത് പറഞ്ഞു.

ലോകക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കാണെന്നും മക്‌ഗ്രോ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലത്തില്‍ 85 ലക്ഷം മുടക്കി ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയ ബേസില്‍ 12 കളികളില്‍ നിന്ന് 11 വിക്കറ്റെ നേടിയുള്ളൂവെങ്കിലും മികച്ച വേഗവും യോര്‍ക്കെറിയാനുള്ള കഴിവുംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. സുനില്‍ ഗവാസ്കറും സഞ്ജയ് മഞ്ജരേക്കറും അടങ്ങിയ കമന്റേറ്റര്‍മാരും ബേസിലിന്റെ മികവിനെ നേരത്തെ അഭിനന്ദിച്ചിരുന്നു. ഐപിഎല്ലിലെ മികവ് ബേസിലിനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലും ഇടം നേടിക്കൊടുത്തു.

 

 

click me!