സുവര്‍ണാവസരങ്ങള്‍ തുലച്ച് ബ്ലാസ്റ്റേഴ്സ്; ജംഷ്ഡ്പൂരിനെതിരെ ആദ്യപാതി സമനില

By Web TeamFirst Published Dec 4, 2018, 8:31 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പുര്‍ എഫ്‌സി മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് വിനയായത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- ജംഷഡ്പുര്‍ എഫ്‌സി മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയില്‍. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് വിനയായത്. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് താരങ്ങള്‍ മഞ്ഞക്കാര്‍ഡ് മേടിക്കുകയും ചെയ്തു.

മഴയുടെ അകമ്പടിയോടെ ആരംഭിച്ച മത്സരത്തില്‍ ഏഴാം മിനിറ്റില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ അവസരം സൃഷ്ടിച്ചു. എന്നാല്‍ സഹല്‍ അബ്ദുള്‍ സമദിന്റെ പാസ് സ്റ്റൊജാനോവിച്ചിന് ഗോളാക്കാന്‍ സാധിച്ചില്ല. 12ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് എം.പി സക്കീര്‍ വാളിലേക്ക് അടിച്ചുക്കളഞ്ഞു. ഇതിനിടെ ജംഷഡ്പുരിന്റെ മൈക്കിള്‍ സൂസൈരാജ് പരിക്കേറ്റ് പുറത്തായി. ജെറി മാവ്ഹിങ്താംഗയാണ് പകരമെത്തിയത്. 

21ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം. മൈതാന മധ്യത്തില്‍ നിന്നും പന്തുമായി മുന്നേറിയ കെസിറോണ്‍ കിസിറ്റോ ജംഷഡ്പുര്‍ ബോക്‌സിലേക്ക്. എന്നാല്‍ മറ്റുതാരങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പന്ത് സഹലിന്റെ കാലിലേക്ക്. ഗോള്‍ കീപ്പര്‍ സുബ്രതോ പോള്‍ വീണു കിടക്കെ സഹല്‍ എടുത്ത ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു.

34ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി. ഇത്തവണ തുലച്ചത് ദംങ്കലായിരുന്നു. വലത് വിങ്ങില്‍ നിന്ന് ഹാളിചരണ്‍ നര്‍സാരി നല്‍കിയ പന്ത് ഗോള്‍ കീപ്പര്‍ തട്ടിയിട്ടു. എന്നാല്‍ സമനിലെ തെറ്റിയ സുബ്രതോയ്ക്ക് ഗ്രൗണ്ടില്‍ നിന്ന് എണീക്കാന്‍ സാധിച്ചില്ല. പന്തെത്തിയത് ദംങ്കലിന്റെ കാലിലേക്കും. താരം ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ ലൈനില്‍ പ്രതിരോധതാരം രക്ഷപ്പെടുത്തി. 

click me!