
ഇന്ത്യന്‍ ക്രിക്കറ്റിന് മറക്കാനാവാത്ത നിമിഷങ്ങളും റെക്കോര്‍ഡുകളും സമ്മാനിച്ച വര്‍ഷമാണ് 2017. രാജ്യാന്തര ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിജയം നേടിയ രണ്ടാമത്തെ ടീമാണ് ഇന്ത്യ. ശ്രീലങ്കയെ തരിപ്പണമാക്കിയാണ് ടീം ഇന്ത്യ കളിക്കളത്തിലെ 2017 അവസാനിപ്പിച്ചത്. ക്രിക്കറ്റില്‍ ഈ വര്‍ഷം ഇന്ത്യയുടെ മുപ്പത്തിയേഴാം ജയമായിരുന്നു ഇത്.
കോലിപ്പടയുടെ തേരോട്ടം
ആകെ കളിച്ച 53 മത്സരങ്ങളില്‍ 12 തവണ തോല്‍വി നേരിട്ടപ്പോള്‍ മൂന്ന് സമനില വഴങ്ങി. 47 കളിയില്‍ 38 ജയം നേടിയ ഓസ്ട്രേലിയ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. 2017ല്‍ 11 ടെസ്റ്റില്‍ ഏഴിലും ഇന്ത്യക്ക് ജയിക്കാനായി. ഒറ്റക്കളിയില്‍ മാത്രം ഇന്ത്യ തോല്‍വിയറിഞ്ഞപ്പോള്‍ മുന്ന് മത്സരങ്ങള്‍ സമനിലയിലായി. 29 ഏകദിനത്തില്‍ 21 ജയവും ഏഴ് തോല്‍വിയുമാണ് ടീമിന്‍റെ അക്കൗണ്ടിലുള്ളത്. ട്വന്‍റി 20യിലും ഇന്ത്യ മികവുപുലര്‍ത്തിയ വര്‍ഷമാണ് 2017. ഒന്‍പത് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ നാല് തോല്‍വിയാണ് ടീം വഴങ്ങിയത്.
ബാറ്റിംഗില്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും റണ്ണൊഴുക്കി ഇക്കാലയളവില്‍. കോലി 26 കളിയില്‍ 6 സെഞ്ച്വറികളോടെ 1460 റണ്‍സ് നേടി. രോഹിതാവട്ടെ 21 കളിയില്‍ ആറ് സെഞ്ച്വറികളോടെ 1293 റണ്‍സും അടിച്ചെടുത്തു. മൊഹാലിയില്‍ ലങ്കയ്ക്കെതിരെ ഇരട്ടസെഞ്ച്വറി നേടി രോഹിത് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ഏകദിനത്തില്‍ രോഹിതിന്‍റെ മൂന്നാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ഏകദിന റണ്‍വേട്ടക്കാരുടെ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരും ഇവര്‍ തന്നെയാണ്.
ടെസ്റ്റില്‍ കോലിക്കൊപ്പം തല ഉയര്‍ത്തി നിന്നത് ചേതേശ്വര്‍ പുജാരയാണ്. 11 കളിയില്‍ നാല് സെഞ്ച്വറികളോടെ പുജാര 1140 റണ്‍സ് സ്വന്തമാക്കി. ടെസ്റ്റ് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനാണ് പൂജാര. 1059 റണ്‍സുമായി കോലിയാണ് നാലാം സ്ഥാനത്ത്. ടെസ്റ്റില്‍ മൂന്ന് ഇരട്ടസെഞ്ച്വറിയാണ് കോലി ഇക്കൊല്ലം നേടിയത്. അതേസമയം ട്വന്‍റി 20 പട്ടികയില്‍ 299 റണ്‍സുമായി ആറാമനാണ് വിരാട് കോലി. 283 റണ്‍സുള്ള രോഹിത് എട്ടും 279 റണ്‍സുള്ള കെ.എല്‍ രാഹുല്‍ ഒന്‍പതും സ്ഥാനങ്ങളിലുണ്ട്.
ടെസ്റ്റില്‍ 56 വിക്കറ്റുമായി ആര്‍.അശ്വിനും 54 വിക്കറ്റുമായി രവീന്ദ്ര ജഡേജയും ഇന്ത്യന്‍ കുതിപ്പിന് കരുത്തു പകര്‍ന്നു. എന്നാല്‍ ഏകദിനത്തില്‍ ജസ്‌പ്രീത് ഭൂംമ്ര, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹല്‍ എന്നിവര്‍ വിക്കറ്റിനായി മത്സരിച്ചു. 39 വിക്കറ്റുമായി ഭൂംമ്രയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. അശ്വിനും ജഡേജയ്ക്കും പകരം ചാഹലും കുല്‍ദീപും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച വര്‍ഷംകൂടിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!