തന്‍റെ ക്രിക്കറ്റ് ജീവിതം തകര്‍ത്തത് ആരെന്ന് വെളിപ്പെടുത്തി ഇര്‍ഫാന്‍

By Web DeskFirst Published Apr 28, 2017, 1:16 PM IST
Highlights

ദില്ലി: തന്‍റെ ക്രിക്കറ്റ് ജീവിതത്തിലെ തിരിച്ചടികള്‍ക്ക് കാരണം  ടീം ഇന്ത്യയുടെ പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലല്ലെന്നും പരിക്കാണെന്നും ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ചാപ്പലാണ് പത്താന്‍റെ കരിയർ തകർത്തതെന്ന വ്യാപക വിമർശനങ്ങൾ പല കോണിൽ നിന്നും ഉയർന്നിരുന്നു. ഇതിനോട് ആദ്യമായാണ് പത്താൻ പ്രതികരിക്കുന്നത്.

19-ാം വയസിൽ ഇന്ത്യൻ ടീമിലെത്തിയ ഇർഫാൻ പത്താൻ ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയതോടെ അടുത്ത കപിൽദേവ് എന്ന വിശേഷണം നേടിയിരുന്നു. സ്വിംഗ് എന്നതായിരുന്നു പത്താന്‍റെ ബൗളിംഗിലെ കരുത്ത്. ബാറ്റിംഗിൽ അതിവേഗത്തിൽ സ്കോർ ചെയ്ത് മികച്ച ഓൾറൗണ്ടർ എന്ന ഖ്യാതി ആദ്യം തന്നെ പത്താൻ നേടി. എന്നാൽ പിന്നീട് ഫോം നഷ്ടപ്പെട്ട പത്താൻ പതുക്കെ ഇന്ത്യൻ ടീമിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.

തനിക്ക് അറിയാം കോച്ചായിരുന്ന ഗ്രെഗ് ചാപ്പലാണ് തന്‍റെ കരിയർ തകർത്തതെന്ന് പലരും പറയുന്നുണ്ടെന്ന്. എന്നാൽ ഈ ആരോപണം സത്യമല്ല. ആർക്കും ആരുടെയും കരിയർ തകർക്കാൻ കഴിയില്ല. നമ്മൾ എന്ത് ചെയ്യണമെന്നത് നമ്മളല്ലേ തീരുമാനിക്കുന്നത്. കരിയറിലെ വീഴ്ചയ്ക്ക് കാരണക്കാരൻ താൻ മാത്രമാണ്. കരിയറിലെ തിരിച്ചടികൾക്ക് താൻ ആരെയും കുറ്റപ്പെടുത്തില്ലെന്നും പത്താൻ കൂട്ടിച്ചേർത്തു.

താൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള പ്രധാന കാരണം നിരന്തരം അലട്ടിയിരുന്ന പരിക്കാണ്. അതിന് ശേഷം ടീമിലേക്ക് തിരിച്ചെത്താൻ ബുദ്ധിമുട്ടി. പുറംവേദനയെ തുടർന്ന് ബൗളിംഗ് ആക്ഷൻ മാറ്റേണ്ടി വന്നു. ഇതോടെ തനിക്ക് സ്വിംഗ് നഷ്ടമായെന്നും ഇതു തിരിച്ചടിയായെന്നും പത്താൻ പറഞ്ഞു.

കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഇർഫാനെ വാങ്ങാൻ ഒരു ടീമും തയാറായിരുന്നില്ല. എന്നാൽ ഐപിഎല്ലിനിടയിൽ ഡെയ്ൻ ബ്രാവോയ്ക്ക് പരിക്കേറ്റതോടെ പത്താനെ ഗുജറാത്ത് ലയണ്‍സ് ടീമിലെടുത്തു. 

click me!