
ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയിന് കോച്ച് പെപ് ഗാർഡിയോളയുടെ പ്രശംസ. മെസ്സി കഴിഞ്ഞാൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം ഡിബ്രൂയിനാണെന്ന് ഗാർഡിയോള പറഞ്ഞു. തൊട്ടതെല്ലാം പൊന്നാക്കുന്ന കോച്ചാണ് പെപ് ഗാർഡിയോള. ബാഴ്സലോണയുടെയും ബയേൺ മ്യൂണിക്കിന്റെ അലമാരകൾ ട്രോഫികൊണ്ട് നിറച്ചപ്പോഴും താരങ്ങളെ പ്രശംസിക്കുന്നതിൽ പിശുക്കൻ. എന്നാൽ സിറ്റി പ്ലേമേക്കർ കെവിൻ ഡിബ്രൂയിനെക്കുറിച്ച് പറയുമ്പോൾ ഗാർഡിയോളയ്ക്ക് നൂറുനാവ്.
സാക്ഷാൽ ലയണൽ മെസ്സി കഴിഞ്ഞാൽ താൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ച പ്രതിഭയാണ് ഡിബ്രൂയിനെന്നാണ് ഗാർഡിയോള പറയുന്നത്. സാവിയെയും ഇനിയസ്റ്റയെയും റോബനെയും മുള്ളറെയുമൊക്കെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും അവർക്ക് മുകളിലാണ് 25കാരനായ ഡിബ്രൂയിന് ഗാർഡിയോള നൽകുന്ന സ്ഥാനം. ബൽജിയം താരമായ ഡിബ്രൂയിൻ സിറ്റിക്കുവേണ്ടി 48 കളികളിൽ നേടിയത് 18 ഗോളുകളും 16 അസിസ്റ്റുകളും.
ഗാർഡിയോളയ്ക്ക് കീഴിൽ ഈ സീസണിൽ സിറ്റി തോൽവി അറിയാതെ മുന്നേറുന്നതിന്‍റെ പ്രധാനകാരണക്കാരൻ ഡിബ്രൂയിനാണ്. പന്തുകിട്ടിയാൽ ശരിയായ തീരുമാനം പെട്ടെന്നെടുക്കാൻകഴിയുന്നതാണ് ഡിബ്രൂയിന്‍റെ പ്രത്യേകതയെന്ന് ഗാർഡിയോള. ഡിബ്രൂയിനെ കിട്ടിയതാണ് സിറ്റിയുടെ ഭാഗ്യമെന്നും കോച്ച് പറയുന്നു. ബൽജിയത്തിന് വേണ്ടി 48 കളികളിൽ നിന്ന് 12 ഗോളുകൾ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!