ഒരോവറില്‍ 26 റണ്‍സ്; ഹര്‍ദ്ദീക് പാണ്ഡ്യയ്ക്ക് റെക്കോര്‍ഡ്

By Web DeskFirst Published Aug 13, 2017, 5:08 PM IST
Highlights

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് ഇന്നിംഗ്സിലൂടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ഇന്ത്യന്‍ ഓള്‍ റഔണ്ടര്‍ ഹര്‍ദ്ദീക് പാണ്ഡ്യ. ഇന്ത്യക്കായി എട്ടാമനായി ക്രീസിലിറങ്ങി സെഞ്ചുറി അടിച്ച പാണ്ഡ്യ ഒരോവറില്‍ 26 റണ്‍സടിച്ച് ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന്‍  എന്ന റെക്കോര്‍ഡും സ്വന്തമാക്കി. ശ്രീലങ്കയുടെ പുഷ്പകുമാരയെ ആയിരുന്നു പാണ്ഡ്യ അടിച്ചു പറത്തിയത്. രണ്ട് ബൗണ്ടറിയും മൂന്ന് സിക്സറും പറത്തിയ ആ ഓവറില്‍ നേടിയത് 26 റണ്‍സ്.

ഓരോവറില്‍ 24 റണ്‍സ് വീതം നേടിയിട്ടുള്ള സന്ദീപ് പാട്ടീലിന്റെയും കപില്‍ ദേവിന്റെയും റെക്കോര്‍ഡുകളാണ് പാണ്ഡ്യ പഴങ്കഥയാക്കിയത്. എന്നാല്‍ ടെസ്റ്റില്‍ ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ ലോക റെക്കോര്‍ഡ് കൈയകലത്തില്‍ പാണ്ഡ്യക്ക് നഷ്ടമായി. ഓവറില്‍ 28 റണ്‍സ് വീതം അടിച്ചിട്ടുള്ള ബ്രയാന്‍ ലാറയുടെയും ട്രെവര്‍ ബെയ്‌ലിയുടെയും പേരിലാണ് ഈ റെക്കോര്‍ഡ്. 27 റണ്‍സടിച്ചിട്ടുള്ള ഷഹീദ് അഫ്രീദിയാണ് പട്ടികയില്‍ മൂന്നാമത്. നാലാം സ്ഥാനത്ത് പാണ്ഡ്യയുണ്ട്.

96 പന്തില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്സറും പറത്തിയ പാണ്ഡ്യ 108 റണ്‍സെടുത്ത് അവസാന ബാറ്റ്സ്മാനായാണ് പുറത്തായത്. പാണ്ഡ്യയുടെ ഇന്നിംഗ്സിന്റെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 400 പോലും കടക്കില്ലെന്ന് കരുതിയ ഇന്ത്യ 487 റണ്‍സിലെത്തുകയും ചെയ്തു.

 

click me!