
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ജേഴ്സിില്‍ ലിയോണല്‍ മെസിയെ കാണാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മെസി ഇനി അര്‍ജന്റീന ടീമിലേക്ക് തിരിച്ചുവരരുതെന്ന് ഉപദേശിച്ച് ഇതിഹാസതാരം മറഡോണ. മെസിയോട് എനിക്ക് ഒരു കാര്യമേ പറയാനുള്ളു. വിരമിക്കുക, ദേശീയ ടീമിലേക്കു തിരികെ വരരുത്. അര്‍ജന്‍റീനയുടെ അണ്ടര്‍ 15 ടീം തോറ്റാല്‍ അതിന്റെ പഴിയും മെസിക്കാണ്. എല്ലായിപ്പോഴും മെസിയാണു കുറ്റക്കാരന്‍. മെസിയില്ലാതെ ടീമിനു എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ഇനി അറിയേണ്ടത്.
ലോകകപ്പില്‍ അര്‍ജന്റീനാ തോറ്റത് മെസിയുടെ കുറ്റമല്ല. കുതിരപ്പന്തയത്തില്‍ കുതിര മാത്രം വിചാരിച്ചാല്‍ ജയിക്കാനാവില്ല.അതുപോലെ റേസിംഗ് ട്രാക്കില്‍ മികച്ച എഞ്ചിനില്ലെങ്കില്‍ എത്രമികച്ച റേസര്‍ക്കും പോള്‍ പൊസിഷനില്‍ എത്താനാവില്ല. ജയിക്കണമെന്ന വികാരം അര്‍ജന്റീനക്കിപ്പോള്‍ നഷ്‌ടപ്പെട്ടിരിക്കുന്നു. നിക്കാരഗ്വേയെയും മാള്‍ട്ടയെയുംപ്പോലുള്ള ചെറിയ ടീമുകളോടു പോലും അര്‍ജന്റീനക്കിപ്പോള്‍ കളിച്ചു ജയിക്കാനാവില്ല. ദേശീയ ടീമിനുണ്ടായിരുന്ന പേരും പെരുമയുമെല്ലാം ഇപ്പോള്‍ ചവറ്റുകുട്ടയിലാണ്. മറഡോണ ക്ലാരിന്‍ എന്ന മാധ്യമത്തോടു സംസാരിക്കുമ്പോള്‍ തുറന്നടിച്ചു.
സ്ഥാനമൊഴിഞ്ഞ സാംപോളിക്കു പകരം 1978ലെ ലോകകപ്പ് ജേതാവ് സെസര്‍ ലൂയിസ് മെനോട്ടി പരിശീലകനായി വരണമെന്നാണ് ആഗ്രഹമെന്ന് മറഡോണ പറഞ്ഞു. അതേസമയം, നിലവില്‍ താല്‍ക്കാലിക പരിശീലകനായ ലയണല്‍ സ്കൊളാനി പമ്പര വിഡ്ഢിയാണെന്നും മറഡോണ പറഞ്ഞു. വമ്പന്മാരടക്കം പരാജയപ്പെട്ട ദേശിയ ടീമിന്റെ പരിശീലകനായി സ്കൊളാനിയെ പോലൊരു താരത്തെ നിയമിച്ച തീരുമാനം തെറ്റാണെന്നും മറഡോണ കുറ്റപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!