കോലിയോ രോഹിതോ; ആരാകും മികച്ച ഏകദിന താരം

By Web DeskFirst Published Dec 23, 2017, 9:59 PM IST
Highlights

ദുബായ്: ക്രിക്കറ്റില്‍ ഈ വര്‍ഷം മിന്നും ഫോമിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓപ്പണര്‍ രോഹിത് ശര്‍മ്മയും. സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളുമായി റെക്കോര്‍ഡുകള്‍ കടപുഴക്കി മുന്നേറുന്നു ഇരുവരും. ഐ.സി.സിയുടെ ഈ വര്‍ഷത്തെ മികച്ച ഏകദിന താരമാകാനുള്ള പോരാട്ടത്തിലും ഇരുവരും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ച്ചവെക്കുന്നത്. ഇരുവരെയും കൂടാതെ ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍, അഫ്‌ഗാന്‍ സ്‌പിന്നര്‍ റാഷിദ് ഖാന്‍, പാക്കിസ്ഥാന്‍ പേസര്‍ ഹസന്‍ അലി എന്നിവരും അന്തിമ പട്ടികയിലുണ്ട്.

ഈ വര്‍ഷം 31 ഏകദിനങ്ങളില്‍ ഏഴ് സെഞ്ചുറികളും ഒന്‍പത് അര്‍ദ്ധ സെഞ്ചുറികളുമടക്കം 1,818 റണ്‍സാണ് കോലി അടിച്ചെടുത്തത്. 82.36 ശരാശരിയില്‍ 99.45 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ പടയോട്ടം. അതേസമയം 60 റണ്‍സ് ശരാശരിയില്‍ 1,416 റണ്‍സാണ് രോഹിത് ശര്‍മ്മക്കുള്ളത്. ആറു വീതം സെഞ്ചുറികളും അര്‍ദ്ധ സെഞ്ചുറികളും നേടിയപ്പോള്‍ 97.11 ആണ് രോഹിതിന്‍റെ സ്‌ട്രൈക്ക് റേറ്റ്. ഏകദിനത്തിലെ മൂന്നാം ഇരട്ട സെഞ്ചുറി സ്വന്തം പേരിലാക്കിയത് രോഹിതിന്‍റെ സാധ്യത കൂട്ടുന്നു. 

ഏകദിന വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് അന്തിമ പട്ടികയിലുള്ള ഏക സ്‌പിന്നര്‍. റാഷിദ് വെറും 19 മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റാണ് വീഴ്ത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 18 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് റാഷിദിന്‍റെ മികച്ച പ്രകടനം. പാക്കിസ്ഥാന് ചാമ്പ്യന്‍സ്‌ ലീഗ് നേടിക്കൊടുത്ത 23കാരനായ പേസര്‍ ഗസന്‍ അലിയും ശക്തമായി മത്സരരംഗത്തുണ്ട്. 21 ഏകദിനങ്ങളില്‍ നിന്ന് 4.91 ഇക്കോണമിയില്‍ 48 വിക്കറ്റ് ഹസന്‍ അലി ഇതിനകം വീഴ്ത്തിയിട്ടുണ്ട്.

22 ഏകദിനങ്ങളില്‍ നിന്ന് 1,424 റണ്‍സ് അടിച്ചെടുത്ത ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് മത്സര രംഗത്തുള്ള മറ്റൊരു താരം. ഈ വര്‍ഷം സെഞ്ചുറികളുടെ എണ്ണത്തില്‍ കോലിക്കൊപ്പം‍ എഴ് ശതകങ്ങളുമായി മുന്നില്‍ നില്‍ക്കുന്ന താരമാണ് വാര്‍ണര്‍. എന്നാല്‍ മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ്(108.37) ഉണ്ടെന്നത് വാര്‍ണറെ അപകടകാരിയാക്കുന്നു. എന്തായാലും ഫലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് ക്രിക്കറ്റ് ചര്‍ച്ചകളില്‍ കൂടുതല്‍ പ്രിയം.

click me!