പരമ്പരയിലെ മൂന്നാം സെഞ്ചുറി; നേട്ടങ്ങള്‍ വാരിക്കൂട്ടി പൂജാര; ഇതിഹാസങ്ങള്‍ക്കൊപ്പം

By Web TeamFirst Published Jan 3, 2019, 1:05 PM IST
Highlights

പരമ്പരയിലെ മൂന്നാം സെഞ്ചുറിയാണ് ചേതേശ്വര്‍ പൂജാര ഇന്ന് അടിച്ചെടുത്തത്. സിഡ്നിയിലും പേരുകേട്ട ഓസീസ് ബൗളിംഗ്‌നിരയെ തല്ലിച്ചതയ്ക്കുകയായിരുന്നു 'ക്ലാസ് പൂജാര'.

സി‌ഡ്‌നി: ഇന്ത്യ- ഓസീസ് ടെസ്റ്റ് പരമ്പരയിലെ(2018- 19) മൂന്നാം സെഞ്ചുറിയാണ് ചേതേശ്വര്‍ പൂജാര ഇന്ന് അടിച്ചെടുത്തത്. സിഡ്നിയിലും പേരുകേട്ട ഓസീസ് ബൗളിംഗ്‌നിരയെ തല്ലിച്ചതയ്ക്കുകയായിരുന്നു 'ക്ലാസ് പൂജാര'. 199 പന്തില്‍ നിന്നായിരുന്നു പൂജാരയുടെ 18-ാം ടെസ്റ്റ് ശതകം. സിഡ്‌നി സെഞ്ചുറിയോടെ ഒന്നിലധികം അപൂര്‍വ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിനായി.

ഓസ്‌ട്രേലിയക്കെതിരെ പൂജാരയുടെ അഞ്ചാം സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിക്ക്(4) പിന്നില്‍ രണ്ടാമതെത്താന്‍ പൂജാരയ്ക്കായി. മൂന്ന് സെഞ്ചുറികള്‍ നേടിയ സുനില്‍ ഗവാസ്‌കറുടെ നേട്ടത്തിനൊപ്പമെത്തി പൂജാര. 2014-15 പര്യടനത്തില്‍ കോലി നാല് സെഞ്ചുറികളടക്കം 692 റണ്‍സാണ് നേടിയത്. ഗവാസ്കര്‍ 1977-78 പര്യടനത്തില്‍ മൂന്ന് സെഞ്ചുറികളടക്കം 450 റണ്‍സ് സ്വന്തമാക്കി.

ആദ്യ ടെസ്റ്റില്‍ 123 റണ്‍സും മൂന്നാം ടെസ്റ്റില്‍ 106 റണ്‍സും പൂജാര നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ സീരിസില്‍ 1000ത്തിലധികം പന്ത് നേരിടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടത്തില്‍ ഇതിഹാസ താരങ്ങള്‍ക്കൊപ്പമെത്താന്‍ പൂജാരക്കായി. രാഹുല്‍ ദ്രാവിഡ്, വിജയ് ഹസാരെ, വിരാട് കോലി, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഓസ്‌ട്രേലിയയില്‍ ആയിരത്തിലധികം പന്ത് മുന്‍പ് നേരിട്ട താരങ്ങള്‍. 
 

click me!