ഇംഗ്ലീഷ് വന്‍മതില്‍ കുക്ക് പാഡഴിക്കുന്നു

By Web TeamFirst Published Sep 3, 2018, 5:22 PM IST
Highlights

'15,000 ടെസ്റ്റ് റണ്‍സും 50 സെഞ്ചുറികളും അവന് അസാധ്യമല്ല' എന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്ക‌ര്‍ വിശേഷിപ്പിച്ച ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലീഷ് റെക്കോര്‍ഡ് തോഴന്‍ ഓവല്‍ ടെസ്റ്റോടെ ക്രീസ് വിടും. 

ലണ്ടന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഇതിഹാസ ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്. ഓവലില്‍ ഇന്ത്യക്കെതിരെ വെള്ളിയാഴ്ച്ച ആരംഭിക്കുന്ന ടെസ്റ്റാകും കുക്കിന്‍റെ അവസാന അന്താരാഷ്‌ട്ര മത്സരം. 160 ടെസ്റ്റില്‍ 44.88 ശരാശരിയില്‍ 12,254 റണ്‍സ് നേടിയ കുക്ക് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനാണ്. മുപ്പത്തിമൂന്നുകാരനായ താരം ടെസ്റ്റ് ചരിത്രത്തില്‍ ആറാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനെന്ന പെരുമയുമായാണ് പാഡഴിക്കുന്നത്. 

പ്രതാപകാലത്തിന്‍റെ നിഴലിലേക്ക് ചുരുങ്ങിയതാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് കാരണം എന്ന് കുക്കിന്റെ വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 'സ്വപ്‌നം കണ്ടതിനേക്കാള്‍ ഉയരം കീഴടക്കാന്‍ തനിക്കായി. ഐതിഹാസികമായ ഇംഗ്ലീഷ് സംഘത്തില്‍ ദീര്‍ഘകാലം കളിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഇനി ആവനാഴിയില്‍ ഒന്നും അവശേഷിക്കുന്നില്ല. അനുയോജ്യമായ സമയത്താണ് വിരമിക്കല്‍ തീരുമാനം'- ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാരിലൊരാള്‍ വ്യക്തമാക്കി. ഈ വര്‍ഷം കുക്കിന്‍റെ ശരാശരി 18.62 മാത്രമായിരുന്നു. ഇന്ത്യക്കെതിരായ പരമ്പരയും നിരാശയായി. 

ടെസ്റ്റില്‍ 6,000, 7,000, 8,000, 9,000, 10,000, 11,000, 12,000 റണ്‍സ് ക്ലബുകളില്‍ ഇടംനേടിയ പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുക്കിന്‍റെ പേരിലാണ്. 12 വര്‍ഷം നീണ്ട കരിയറില്‍ 32 സെഞ്ചുറികളും അഞ്ച് ഇരട്ട സെഞ്ചുറിയും 56 അര്‍ദ്ധ ശതകവും അടിച്ചെടുത്തു. നാല് വര്‍ഷക്കാലം 59 ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിനെ നയിച്ചു. നാഗ്‌പൂരില്‍ 2006ല്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയാണ് കുക്ക് ടെസ്റ്റില്‍ വരവറിയിച്ചത്. 92 ഏകദിനങ്ങളില്‍ 3204 റണ്‍സും നാല് ടി20യില്‍ 61 റണ്‍സും കുക്കിന്‍റെ അക്കൗണ്ടിലുണ്ട്. 

click me!