ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

By Web DeskFirst Published Jul 6, 2017, 5:06 PM IST
Highlights

സൂറിച്ച്: ഒക്ടോബറില്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാവാനൊരുങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളിന് സന്തോഷവാര്‍ത്ത.ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ജൂലൈ മാസത്തെ റാങ്കിംഗില്‍ 96-ാം സ്ഥാനത്തെത്തിയ ഇന്ത്യ 1996നുശേഷമുള്ള ഏറ്റവും മികച്ച റാങ്കിംഗ് സ്വന്തമാക്കി. ഏഷ്യന്‍ റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 1996 ഫെബ്രുവരില്‍ 94-ാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്കിംഗ്. 1993ല്‍ 99-ാം സ്ഥാനത്തെത്തിയതായിരുന്നു രണ്ടാമത്തെ മികച്ച റാങ്കിംഗ്. അതാണ് ഇന്ന് മറികടന്നത്.

2015 മാര്‍ച്ചിലെ ഫിഫ റാങ്കിംഗ് അനുസരിച്ച് 173-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രണ്ട് വര്‍ഷത്തിനിടെ 77 റാങ്കുകള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യന്‍ കുതിപ്പ്. അവസാനം കളിച്ച പതിനഞ്ച് മത്സരങ്ങളില്‍ പതിമൂന്നും ജയിച്ചാണ് ഇന്ത്യയുടെ കുതിപ്പ്. അവസാനം കളിച്ച എട്ടു മത്സരങ്ങളില്‍ ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല.

ഇന്ത്യന്‍ കോച്ചായി ചുമതല ഏറ്റെടുക്കുമ്പോള്‍ ഇന്ത്യയെ ആദ്യ നൂറ് റാങ്കിനുള്ളില്‍ എത്തിക്കുമെന്നായിരുന്നു തന്റെ വാഗ്ദാനമെന്ന് സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്‍ പറഞ്ഞു. അത് നേടാനായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ കപ്പ് ജേതാക്കളായ ജര്‍മനിയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ബ്രസീല്‍ രണ്ടാമതും അര്‍ജന്റീന മൂന്നാമതുമാണ്. പോര്‍ച്ചുഗല്‍ ആണ് നാലാം സ്ഥാനത്ത്. സ്വിറ്റ്സര്‍ലന്‍ഡ് അഞ്ചാം സ്ഥാനത്തുണ്ട്.

click me!