കൂറ്റന്‍ സ്കോര്‍: ഹൈദരാബാദില്‍ മേധാവിത്വം നേടി ഇന്ത്യ

By Web DeskFirst Published Feb 10, 2017, 12:21 PM IST
Highlights

ഹൈദരാബാദ്: ബാറ്റേന്തിയവരെല്ലാം മുന്തിയ സ്കോർ പടുത്തുയത്തിയപ്പോൾ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോർ. 687/6 എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. രണ്ടാം ദിനം കളിനിർത്തുന്പോൾ മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് 41/1 എന്ന നിലയിലാണ്. 15 റണ്‍സ് നേടിയ സൗമ്യ സർക്കാരിന്‍റെ വിക്കറ്റാണ് സന്ദർശകർക്ക് നഷ്ടമായത്. തമീം ഇക്ബാൽ (24), മോനിമുൾ ഹഖ് (1) എന്നിവരാണ് ക്രീസിൽ.

നേരത്തെ നായകൻ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും വൃദ്ധിമാൻ സാഹയുടെ സെഞ്ചുറിയുമാണ് രണ്ടാം ദിവസം ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. കരിയറിലെ നാലാം ഇരട്ട സെഞ്ചുറി നേടിയ കോഹ്ലി 204 റണ്‍സ് നേടി. 106 റണ്‍സോടെ സാഹയ്ക്ക് ഒപ്പം 60 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു.

തുടർച്ചയായ നാല് പരന്പരകളിൽ ഡബിൾ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് കോഹ്ലി ഇന്ന് സ്വന്തമാക്കിയത്. 24 ബൗണ്ടറികൾ അടങ്ങിയതായിരുന്നു നായകന്‍റെ ഇന്നിംഗ്സ്. അജിങ്ക്യ രഹാനെ 82 റണ്‍സ് നേടി പുറത്തായി. ആദ്യ ദിനം മുരളി വിജയ് സെഞ്ചുറിയും (108) ചേതേശ്വർ പൂജാര (83) അർധ സെഞ്ചുറിയും നേടിയിരുന്നു. ബംഗ്ലാദേശിന് വേണ്ടി തൈജുൾ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. 

click me!