'കൂട്ടയിടി'ക്ക് വേദിയാവാനൊരുങ്ങി ഇന്ത്യ

By web deskFirst Published Jul 25, 2017, 5:26 PM IST
Highlights

മോസ്കോ: ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് 2021ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കും. മോസ്കോയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍റ എക്സിക്യുട്ടീവ് യോഗമാണ് ദില്ലിയെ വേദിയായി തീരുമാനിച്ചത്. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് പുറമെയാണ് പുരുഷ ചാമ്പ്യന്‍ഷിപ്പും ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷന്‍ കായിക മേഖലയോടു കാണിക്കുന്ന സ്നേഹമാണ് ഇന്ത്യയെ വേദിയായി തെരഞ്ഞെടുക്കാന്‍ കാരണമെന്ന്  ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ തലവന്‍ ഡോ ചിങ് ക്യോ വു പറഞ്ഞു.

2019ലെ ലോക പുരുഷ ചാമ്പ്യന്‍ഷിപ്പിന് റഷ്യയിലെ സോചിയാണ് ആതിഥേയത്വം വഹിക്കുന്നത്. 2006ല്‍ വനിതാ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നെങ്കിലും ആദ്യമായാണ് ലോക പുരുഷ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. 1990ലെ ലോകകപ്പിനും കോമണ്‍വല്‍ത്ത് ചാമ്പ്യന്‍ഷിപ്പിനും ഇന്ത്യ മുമ്പ് വേദിയായിരുന്നു.

ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് സുപ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ഇന്ത്യ വേദിയാകുന്നതെന്നും മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുമെന്നും ഓള്‍ ഇന്ത്യ ബോക്സിംഗ് അസോസിയേഷന്‍ പ്രസിഡന്‍റ് അജയ് സിങ് പറഞ്ഞു. ബോക്സിംഗ് താരങ്ങള്‍ക്കും ആരാധകര്‍ക്കും ഇതൊരു വലിയ വാര്‍ത്തയാണെന്ന് കായിക മന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചു.

ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷന്‍റെ ശക്തിയും പരിശ്രമവുമാണ് ചാമ്പ്യന്‍ഷിപ്പുകള്‍ ഇന്ത്യയിലെത്താന്‍ കാരണമെന്ന് പുരുഷ ടീം കോച്ച് സാന്‍റിയാഗോ നീവ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ നടത്തിയ ശ്രമങ്ങളെ വനിതാ ടീം കോച്ച് ഗുര്‍ബക്സ് സിംഗും അഭിനന്ദിച്ചു. ഭരണതലത്തിലെ പാളിച്ചകളുടെ പേരില്‍ ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസോസിയേഷന്‍ നേരത്തെ ഇന്ത്യയെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പുകളോടെ നഷ്ട പ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷന്‍.

click me!