വിദൂരം വിജയം; സെഞ്ചൂറിയനിലും ഇന്ത്യയ്ക്ക് രക്ഷയില്ല!

By Web DeskFirst Published Jan 16, 2018, 9:44 PM IST
Highlights

സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകര്‍ച്ച. 26 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ മുരളി വിജയ്, ലോകേഷ് രാഹുല്‍, നായകന്‍ വിരാട് കോലി എന്നിവര്‍ കൂടാരം കയറി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എടുത്തിട്ടുണ്ട് ഇന്ത്യ. സെഞ്ചൂറിയനില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും.

11 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്‍സുമായി പാര്‍ത്ഥീവ് പട്ടേലുമാണ് ക്രീസില്‍. ഏഴ് വിക്കറ്റും ഒരു ദിവസവും ശേഷിക്കേ വിജയിക്കാന്‍ 252 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം. സ്കോര്‍ ബോര്‍ഡ് 11ല്‍ നില്‍ക്കേ മുരളി വിജയ്‌യെ(9) പുറത്താക്കി റബാഡ തുടക്കത്തില്‍ ഞെട്ടിച്ചു. പിന്നാലെ നാല് റണ്‍സെടുത്ത കെ.എല്‍ രാഹുല്‍ എന്‍ഗിറ്റിയുടെ പന്തില്‍ മഹാരാജിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സ്കോര്‍ 16. 

നായകന്‍റെ ഇന്നിംഗ്സുമായി ഇന്ത്യയെ രക്ഷിക്കും എന്ന് കരുതിയ കോലിയെ(5) എന്‍ഗിറ്റി എല്‍ബിഡബ്ലുവില്‍ പുറത്താക്കിയതോടെ മൂന്നിന് 26 എന്ന നിലയില്‍ ഇന്ത്യ തകരുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് ലീഡ് സ്വന്തമാക്കി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 258ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി ഡിവില്ലിയേഴ്സ്(80), ഡീന്‍ എല്‍ഗാര്‍(61) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടി. 

ദക്ഷിണാഫ്രിക്കയെ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ(48) വീരോചിത ചെറുത്തുനില്‍പാണ് മികച്ച ലീഡിലേക്കെത്തിച്ചത്. വാലറ്റത്ത് 26 റണ്‍സ് നേടിയ വെര്‍നോണ്‍ ഫിലാന്‍ഡറുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായി. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ജസ്‌പ്രീത് ഭൂംമ്ര മൂന്നും ഇശാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് വീഴ്ത്തി. നിലവിലെ സാഹചര്യത്തില്‍ മികച്ച കൂട്ടുകെട്ടുകളില്ലാതെ രണ്ടാം ടെസ്റ്റ് വിജയിക്കുക ഇന്ത്യയ്ക്ക് പ്രയാസമാണ്.


 

click me!