
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലു പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യയുടെ തീരുമാനം തിരിച്ചടിയായേക്കുമെന്ന് സൂചന. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. പേസര്‍മാരെ അകമഴിഞ്ഞ് സഹായിക്കുമെന്ന് കരുതിയ പിച്ചില്‍ ആദ്യ സെഷനില്‍ ലൈനിലും ലെംഗ്തിലും കൃത്യത പാലിക്കാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ പേസര്‍മാര്‍ വിക്കറ്റ് വീഴ്ത്താനാവാതെ നിസഹായരായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഓസീസ് ഇന്ത്യന്‍ പേസ് നിരയെ ശരിക്കും പരീക്ഷിക്കുകയും ചെയ്തു.
ഒടുവില്‍ ജസ്പ്രീത് ബൂമ്രയാണ് ആരോണ്‍ ഫിഞ്ചിനെ മടക്കി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പച്ചപ്പുള്ള പിച്ചില്‍ ഇന്ത്യന്‍ പേസ് നിരയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നപ്പോഴാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പാര്‍ട് ടൈം സ്പിന്നറായ ഹനുമാ വിഹാരിയെ പന്തേല്‍പ്പിച്ചത്. ആദ്യദിനം 14 ഓവര്‍ ബൗള്‍ ചെയ്ത വിഹാരി 53 റണ്‍സ് വഴങ്ങി രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ഓസീസ് നിരയിലെ ടോപ് സ്കോററായ മാര്‍ക്വസ് ഹാരിസിനെയും(70), ഷോണ്‍ മാര്‍ഷിനെയും(45) ആണ് വിഹാരി മടക്കിയത്. വിക്കറ്റ് കിട്ടി എന്നതിലല്ല, പാര്‍ട് ടൈം സ്പിന്നറായ വിഹാരിയുടെ പന്തുകള്‍ക്ക് ലഭിച്ച ടേണും ബൗണ്‍സുമാണ് ഇന്ത്യയെ ശരിക്കും ആശങ്കപ്പെടുത്തുന്നത്.
ഓസീസ് മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമായാണ് കളിക്കുന്നത്. ഇന്ത്യയാകട്ടെ പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവിനാണ് ടീമിലിടം കൊടുത്തത്. ഉമേഷാകട്ടെ 18 ഓവര്‍ എറിഞ്ഞെങ്കിലും ഒരേയൊരു വിക്കറ്റാണ് വീഴ്ത്തിയത്. ഉമേഷിന് പകരം രവീന്ദ്ര ജഡേജയെ കളിപ്പിച്ചിരുന്നെങ്കില്‍ ഈ പിച്ചില്‍ ഇന്ത്യക്ക് കൂടുതല്‍ ഗുണകരമാകുമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. സ്പിന്നിനെ സഹായാക്കില്ലെന്ന് കരുതിയ പിച്ചില്‍ വിഹാരിക്ക് പോലും ഇത്രയും ടേണും ബൗണ്‍സും ലഭിച്ചുവെങ്കില്‍ ഓസീസ് നിരയില്‍ നേഥന്‍ ലിയോണ്‍ ഇന്ത്യക്ക് വലിയ ഭീഷണിയാകുമെന്നുറപ്പ്.
ഇന്ത്യന്‍ നിരയിലാകട്ടെ ഓസീസിനെ പിടിച്ചുകെട്ടാന്‍ പോന്ന സ്പിന്നറുമില്ല. മാത്രമല്ല, അശ്വിന് പകരം ഉമേഷ് യാദവ് വന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് വാല്‍ നീണ്ടുപോയെന്നും വിലയിരുത്തലുണ്ട്. റിഷഭ് പന്തിനുശേഷം നാലു പേസര്‍മാരാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയിലുള്ളത്. നാലുപേരും ബാറ്റുകൊണ്ട് വലിയ പ്രകടനങ്ങള്‍ക്കൊന്നും മികവുള്ളവരുമല്ല. മറുവശത്ത് ഓസീസ് വാലറ്റത്ത് പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ലിയോണും ബാറ്റ് ചെയ്യാന്‍ കഴിയുന്നവരാണ്.
ജഡേജയെ കളിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ വാല് ഇത്രയും നീണ്ടുപോവില്ലായിരുന്നുവെന്നും കരുതുന്നവരേറെ. രണ്ടാം ദിനം ബാറ്റിംഗിനിറങ്ങുമ്പോള്‍ മുന്‍നിര എങ്ങനെ കളിക്കുന്നുവെന്നതിനെ അനുസരിച്ചിരിക്കും ഈ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതകള്‍. മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ നാലു പേസര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്ക് ജയിച്ചു കയറാന്‍ കഴിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!