ഒളിംപിക്‌സ്- 2032 വേദിക്കായി ഇന്ത്യ രംഗത്ത്

By Web DeskFirst Published Apr 21, 2018, 3:39 PM IST
Highlights
  • 2026 യൂത്ത് ഒളിംപിക്സിനും ഇന്ത്യ അവകാശവാദമുന്നയിക്കും

ദില്ലി: ഇന്ത്യ ഒളിംപിക്സ്- 2032, യൂത്ത് ഒളിംപിക്സ്- 2026 വേദികള്‍ക്കായി അവകാശവാദമുന്നയിക്കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍. ഇന്ത്യയിലെത്തിയ അന്താരാഷ‌്ട്ര ഒളിംപിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കിനൊപ്പം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ ഈ ഒളിംപിക്സുകള്‍ക്ക് വേദിയാവുമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് നരീന്ദര്‍ ബത്ര വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഒളിംപിക്സ് നടത്താനുള്ള പ്രാപ്തിയുണ്ടെന്ന് സമ്മതിച്ച തോമസ് ബാക്ക്, വേദിക്കായി കാത്തിരിക്കാനാണ് നിര്‍ദേശിച്ചത്. രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ അന്താരാഷ‌് ഒളിംപിക് കമ്മിറ്റി തലവന്‍ കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോറുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഒളിംപിക്സ് വേദിക്കായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. 2022 യൂത്ത് ഒളിംപിക്സിന്‍റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അക്കാര്യം തീരുമാനിച്ച ശേഷമേ 2026 യൂത്ത് ഒളിംപിക്സ് വേദിക്കായുള്ള നടപടികള്‍ തുടങ്ങുകയുള്ളു. സ്വന്തം രാജ്യത്ത് ലോകകായിക മാമാങ്കം നടക്കുന്നത് ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് ഗുണം ചെയ്യും. ഇന്ത്യയുടെ കായിക വികസനത്തിനും യുവാക്കളില്‍ സ്‌പോര്‍ട്സിനോടുള്ള താല്‍പര്യം കൂട്ടുന്നതിനും വഴിവെക്കുമെന്നും ഐഒസി തലവന്‍ പറഞ്ഞു. 

2032 ഒളിപിക്സിനായുള്ള വേദി 2025ല്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. ഇതിനകം ജര്‍മ്മനിയും ഓസ്‌ട്രേലിയയും വേദിക്കായി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വേദി പ്രഖ്യാപിക്കാന്‍ വര്‍ഷങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയേക്കും. 2026 യൂത്ത് ഒളിംപിക്സിനായി 2020ന്‍റെ തുടക്കത്തിലാണ് ഇന്ത്യ പ്രാരംഭ നടപടികള്‍ തുടങ്ങേണ്ടത്. അതേസമയം യൂത്ത് ഒളിംപിക്സിനായി തായ്‌ലന്‍റും ഇതിനകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.    

click me!