ഓസീസിലെ മിന്നും പ്രകടനത്തിന് പ്രതിഫലമായി പൂജാരയെ കാത്തിരിക്കുന്നത്

By Web TeamFirst Published Jan 4, 2019, 7:13 PM IST
Highlights

ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്താമെന്നത് ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പ്രതിഫലമായി ചേതേശ്വര്‍ പൂജാരയെ ബിസിസിഐ എ പ്ലസ് കരാറുള്ള താരങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന. നിലവില്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട താരമാണ് പൂജാര. എ കാറ്റഗറിയിലെ കളിക്കാര്‍ക്ക് അഞ്ച് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ പ്ലസില്‍ ഉള്ള താരങ്ങള്‍ക്ക് ഏഴു കോടി രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.

ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ എങ്ങനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്താമെന്നത് ചര്‍ച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് സമിതി വൈകാതെ യോഗം ചേരുമെന്നാണ് സൂചന. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളാണ് എ പ്ലസിലുള്ളത്. ക്യാപ്റ്റന്‍ വിരാട് കോലിക്ക് പുറമെ, രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, ജസ്പ്രീത് ബൂംമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് എ പ്ലസ് കരാറുള്ള താരങ്ങള്‍.

എന്നാല്‍ പൂജാരയുടെ കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പൂജാരയെ എ പ്ലസിലേക്ക് ഉയര്‍ത്തുന്നത് യുവതാരങ്ങള്‍ക്കും നല്ല സന്ദേശമാണ് നല്‍കുകയെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. യുവതാരങ്ങള്‍ ട്വന്റി-20 ക്രിക്കറ്റിനും ഐപിഎല്ലിനും പുറകെ പോകാതെ ടെസ്റ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും ഇത് ഉപകരിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.

ടെസ്റ്റില്‍ മാത്രം കളിക്കുന്ന പൂജാരയെ ഐപിഎല്‍ ലേലത്തില്‍ കഴിഞ്ഞ നാലഞ്ചു സീസണുകളിലായി ഒരു ടീമും വാങ്ങാറില്ല. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവര്‍ക്ക് എ പ്ലസ് കരാര്‍ അനുവദിക്കുക എന്നതാണ് ഇതുവരെയുള്ള കീഴ്‌വഴക്കമെങ്കിലും ശീഖര്‍ ധവാനും രോഹിത് ശര്‍മയും സ്ഥിരമായി ടെസ്റ്റ് ടീമില്‍ കളിക്കുന്നവരല്ലെന്നതും ശ്രദ്ധേയമാണ്. ഇതേ കാരണത്താല്‍ പൂജാരയ്ക്കും ഇളവ് അനുവദിക്കാമെന്നാണ് ബിസിസിഐ കരുതുന്നത്.

click me!