
സിഡ്നി: ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം മുതല്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ കണ്ണിലെ കരടാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഡിആര്‍എസ് വിവാദവും തുടര്‍ന്നുണ്ടായ ആരോപണ-പ്രത്യാരോപണങ്ങളിലും കോലിയെ വില്ലന്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാനായിരുന്നു ഓസീസ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം ഓസീസ് മാധ്യമങ്ങള്‍ കോലിക്ക് പുതിയൊരു പേര് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. കായികരംഗത്തെ ഡോണള്‍ഡ് ട്രംപാണ് കോലിയെന്നാണ് ഓസീസ് പത്രമായ ഡെയ്‌ലി ടെലഗ്രാഫിന്റെ കണ്ടെത്തല്‍.
കായികരംഗത്തെ ഡോണാള്‍ഡ് ട്രംപാണ് കോലി. ട്രംപ് ചെയ്യുന്നതുപോലെ മുഖത്തിനുനേരെ വരുന്ന ചീമുട്ടയേറുകള്‍ക്ക് മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാനാണ് കോലി ശ്രമിക്കുന്നതെന്നും പത്രം കുറ്റപ്പെടുത്തുന്നു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് ഗ്രൗണ്ട് വിട്ട കോലി പിന്നീട് ബാറ്റിംഗിനെത്തിയപ്പോള്‍ ഓസീസ് കളിക്കാര്‍ പരിഹസിച്ചിരുന്നു. കോലിയുടെ വീഴ്ചയെയും പരിക്കിനെയും അനുകരിച്ച് ഗ്ലെന്‍ മാക്സ്‌വെല്‍ ആണ് കളിയാക്കലുമായി ആദ്യം രംഗത്തെത്തിയത്. ഇതിന് വാര്‍ണറുടെ വിക്കറ്റ് വീണപ്പോള്‍ അതേനാണയത്തില്‍ കോലി മറുപടിയും നല്‍കി.
കോലിയുടെ വിക്കറ്റ് വീണപ്പോള്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും കോലിയുടെ പരിക്കിനെ കളിയാക്കിയെന്ന് ആരോപണമുയര്‍ന്നെങ്കിലും സംഭവം വ്യാജമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. ചുമലില്‍ പിടിച്ച് സ്മിത്ത് ആഘോഷിച്ചുവെന്ന രീതിയിലായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇത് സ്മിത്തിന്റെ കൈയല്ലെന്നും സഹതാരത്തിന്റെ കൈയാണെന്നും പിന്നീട് വ്യക്തമായി. ഇങ്ങനെയൊക്കെ ആയിട്ടും വിവിഎസ് ലക്ഷ്മണ്‍ അടക്കമുള്ള ക്രിക്കറ്റ് കമന്റേറ്റര്‍മാര്‍ പോലും വിവാദം ഏറ്റുപിടിക്കുകയായിരുന്നുവെന്നും കോലിയുടെ പ്രസ്താവനകള്‍ വിവാദം ആളിക്കത്തിക്കാന്‍ കാരണമായെന്നും ഓസീസ് മാധ്യമം കുറ്റപ്പെടുത്തുന്നു.
രണ്ടാം ടെസ്റ്റില്‍ ഓസീസ് താരങ്ങളെ ചതിയന്‍മാരായി ചിത്രീകരിക്കുകയും അതിന് അടിസ്ഥാനമായ തെളിവുകള്‍ നല്‍കാതിരിക്കുകയും ചെയ്ത കോലി മൂന്നാം ടെസ്റ്റിലും സമാനമായ രീതിയിലാണ് പെരുമാറിയതെന്നും ഡെയ്‌ലി ടെലിഗ്രാഫ് കുറ്റപ്പെടുത്തുന്നു. ഓസ്ട്രേലിയക്കാരനായ ഇന്ത്യന്‍ ഫിസിയോ പാട്രിക്ക് ഫര്‍ഹാത്തിനെ ഓസീസ് താരങ്ങള്‍ കളിയാക്കിയെന്ന ആരോപണത്തെക്കുറിച്ചും പത്രം പരാമര്‍ശിച്ചിട്ടുണ്ട്. ന്യൂസൗത്ത് വെയില്‍സ് ക്രിക്കറ്റില്‍ 19 വര്‍ഷമുണ്ടായിരുന്ന പാട്രിക്കിനോട് ഓസീസ് താരങ്ങള്‍ അപമര്യാദയായി പെരുമാറുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് വാര്‍ണര്‍ ചോദിച്ചതായും ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസിഡന്റ് കോലി എന്തണ് പറയുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും മൂന്ന് ടെസ്റ്റില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമെടുത്ത സെപ്ഷലിസ്റ്റ് ബാറ്റ്സ്മാനായ കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും(48) മിച്ചല്‍ സ്റ്റാര്‍ക്കും(118) നേടിയിട്ടുണ്ടെന്നും പത്രം കളിയാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!