
സിഡ്നി: കുഞ്ഞു ജനിച്ചതോടെ ഓസ്ട്രേലിയയില്‍ നിന്ന് താല്‍ക്കാലിക ബ്രേക്ക് എടുത്ത് ഇന്ത്യയിലെത്തിയ രോഹിത് ശര്‍മക്ക് പകരം ഇന്ത്യ സിഡ്നി ടെസ്റ്റില്‍ ആരെ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. രോഹിത് ശര്‍മ പോവുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ നിരവധി സാധ്യതകളാണ് മുന്നിലുള്ളത്.
രോഹിത്തിന് പകരം കെ എല്‍ രാഹുലിനെയോ മുരളി വിജയിനെയോ മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറാക്കി ഹനുമാ വിഹാരിയെ വീണ്ടും മധ്യനിരയില്‍ കളിപ്പിക്കുക എന്നതാണ് അതിലൊന്ന്. എന്നാല്‍ രാഹുലും വിജയും ഫോമിലല്ലാത്തതിനാല്‍ അതിനുള്ള സാധ്യത വിരളമാണ്. ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയെ കളിപ്പിക്കുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത സാധ്യത.
സിഡ്നിയിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെയാണ് തുണയ്ക്കാറുള്ളത്. ഈ സാഹചര്യത്തില്‍ പാണ്ഡ്യയെ ഉള്‍പ്പെടുത്തുന്നത് എത്രമാത്രം ഫലപ്രദമാവുമെന്ന ആശങ്ക ടീം മാനേജ്മെന്റിനുണ്ട്. ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരിലാരെയെങ്കിലും അന്തിമ ഇലവനില്‍ കളിപ്പിക്കുക എന്നതാണ് മൂന്നാമത്തെ സാധ്യത. ഇതിനാണ് കൂടുതല്‍ സാധ്യതയുള്ളതും.
അശ്വിന്‍ ബാറ്റിംഗിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്നതിനാല്‍ പരിക്ക് പൂര്‍ണമായും ഭേദമായാല്‍ അശ്വിന്‍ തന്നെയാവും മിക്കവാറും സിഡ്നിയില്‍ രോഹിത്തിന്റെ പകരക്കാരന്‍. സ്പിന്നിനെ നേരിടാനുള്ള ഓസീസ് ബാറ്റിംഗ് നിരയുടെ ബലഹീനത മുതലെടുക്കാന്‍ അന്തിമ ഇലവനില്‍ കുല്‍ദീപിനെ കളിപ്പിച്ചാലും അത്ഭുതപ്പെടാനില്ല. എന്നാല്‍ ഇടംകൈയന്‍ സ്പിന്നറായി ജഡേജയുള്ളതിനാല്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!