
വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിന്‍ഡീസ് ടോപ് ഗിയറില്‍. കൂറ്റന്‍ ലക്ഷ്യമായ 322 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിനായി ഹോപും ഹെറ്റ്‌മെയറും അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. മൂന്ന് വിക്കറ്റിന് 78 റണ്‍സ് എന്ന നിലയിലായിരുന്ന വിന്‍ഡീസ് 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടാതെ 204 റണ്‍സ് എന്ന നിലയിലാണ്. ഹോപ് 59 റണ്‍സുമായും ഹെറ്റ്‌മെയര്‍ 82 റണ്‍സുമെടുത്ത് ക്രീസിലുണ്ട്.
ഓപ്പണര്‍മാരായ കീറാന്‍ പവലിനെ(18) ഷാമിയും ചന്ദ്രപോള്‍ ഹേംരാജിനെ(32) കുല്‍ദീപും പുറത്താക്കി. 13 റണ്‍സെടുത്ത മര്‍ലോന്‍ സാമുവല്‍സാണ് പുറത്തായ മൂന്നാമന്‍. കുല്‍ദീപിന്‍റെ ലോകോത്തര പന്തിലാണ് വിക്കറ്റ് തെറിച്ചത്. നാലാം വിക്കറ്റില്‍ പതുക്കെ തുടങ്ങിയ വിന്‍ഡീസ് പിന്നാലെ ടോപ് ഗിയറില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു. ഏഴ് സിക്‌സുകള്‍ പറത്തിയ ഹെറ്റ്‌മെയറാണ് കൂടുതല്‍ അപകടകാരി. സ്‌പിന്നര്‍മാരാണ് വിന്‍ഡീസിന്‍റെ പ്രധാന ഇര.
കോലിയുടെ അപരാജിത സെഞ്ചുറിയുടെയും അംബാട്ടി റായിഡുവിന്റെ അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിന്‍ഡീസിന് 322 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചത്. രണ്ട് വിക്കറ്റിന് 40 റണ്‍സ് എന്ന നിലയില്‍ പതറിയ ഇന്ത്യയ്ക്ക് 139 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റാഡിയു- കോലി സഖ്യം മികച്ച സ്കോര്‍ ഉറപ്പാക്കി.
80 പന്തില്‍ 73 റണ്‍സടിച്ച റായിഡു പുറത്തായശേഷമെത്തിയ ധോണിയെ സാക്ഷി നിര്‍ത്തിയായിരുന്നു കോലി ഏകദിനത്തില്‍ 10000 പിന്നിട്ടത്. ഒരു സിക്സറടിച്ചെങ്കിലും 25 പന്തില്‍ 20 റണ്‍സെടുത്ത ധോണി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. പിന്നീടെത്തിയ പന്ത് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും 13 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി. ഇതിനിടെ കോലി കരിയറിലെ 37-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷം ജഡേജയുടെ കൂട്ടുപിടിച്ച് കോലി ഇന്ത്യന്‍ സ്കോര്‍ 300 കടത്തി.
56 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ കോലി 106 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറിക്ക് ശേഷം തകര്‍ത്തടിച്ച കോലി 127 പന്തില്‍ 150 കടന്നു.129 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്സറുകളും പറത്തിയ കോലി 157 റണ്‍സുമായി പുറത്താകാതെ നിന്നു. വിന്‍ഡീസിനായി 46 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ആഷ്‌ലി നേഴ്സ് ബൗളിംഗില്‍ തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!