
മുംബെെ: കടുവകളെ കടിച്ച് കീറാനുള്ള ശൗര്യവുമായാണ് കെനിയ എത്തിയത്. പക്ഷേ, നിറഞ്ഞ് കവിഞ്ഞ മുംബെെ അരീനയുടെ ആരവങ്ങളെ മറികടക്കാനുള്ള ശേഷിയൊന്നും അതിനില്ലായിരുന്നു. അനുഭവ പരിചയത്തിന്‍റെയും നിശ്ചയദാര്‍ഡ്യത്തിന്‍റെയും കരുത്തില്‍ സുനില്‍ ഛേത്രി എന്ന നായകന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പ് ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യന്‍ ഫുട്ബോളില്‍ നവ വിപ്ലവം ആരംഭിച്ചു കഴിഞ്ഞെന്ന് ഇനി ഉറക്കെ പറയാം. എഷ്യന്‍ കപ്പിന് അരങ്ങുണരുമ്പോള്‍ വര്‍ധിത ശക്തിയുള്ള സംഘമായി പോരാടാനും നീല കടുവകള്‍ക്ക് ഇനി സാധിക്കും.
ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് പരാജയം ഏറ്റുവാങ്ങിയതിന്‍റെ പ്രതികാരം തീര്‍ക്കാനാണ് കെനിയ ഇന്നലെ കളത്തിലിറങ്ങിയത്. പക്ഷേ, സ്വന്തം കാണികള്‍ക്ക് മുന്നില്‍ പലതും തെളിയിക്കാന്‍ ലഭിച്ച അവസരം പാഴാക്കാന്‍ ഛേത്രിയുടെ പട്ടാളം തയാറായില്ല. ആദ്യ പകുതിയില്‍ നായകന്‍ കുറിച്ചിട്ട രണ്ടു ഗോളുകളുടെ ബലത്തില്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ വലചലിപ്പിച്ചു. അനിരുദ്ധ് ഥാപ്പയെടുത്ത ഫ്രീകിക്കാണ് ഗോളിന് വഴിയൊരുക്കിയത്.
ഛേത്രിയുടെ ബൂട്ടുകള്‍ വീണ്ടും ഗര്‍ജിച്ചപ്പോള്‍ ഇന്ത്യ ഒരു ഗോളിന് മുന്നില്‍. പരസ്പരം മുന്നേറ്റങ്ങള്‍ അഴിച്ചുവിട്ട് ഇരു ടീമും മികച്ച പ്രകടനം കളത്തില്‍ പുറത്തെടുത്തു. പക്ഷേ, അധികം വെെകാതെ ഇന്ത്യ വീണ്ടും കെനിയന്‍ പ്രതിരോധത്തെ തകര്‍ത്തു. അതിന്‍റെ മുഴുവന്‍ മാര്‍ക്കും പ്രതിരോധ നിരയിലെ കരുത്തന്‍ അനസ് എടത്തൊടികയ്ക്ക് നല്‍കണം. മലയാളി ചന്തമുള്ള ഒരു ലോംഗ് ബോള്‍ അനസിന്‍റെ കാലില്‍ നിന്ന് ഛേത്രിയെ ലക്ഷ്യമാക്കി പറന്നു. കെനിയന്‍ താരങ്ങള്‍ ഒരുക്കിയ ഓഫ് സെെഡ് ട്രാപ്പിനെ കബളിപ്പിച്ച ഇന്ത്യന്‍ നായകന്‍ പന്തിനെ ആദ്യം തന്‍റെ വരുതിയില്‍ നിര്‍ത്തി.
അതിന് ശേഷം കെനിയന്‍ ബോക്സിന് ഉള്ളിലേക്ക് കയറിയെടുത്ത ഇടങ്കാലന്‍ ഷോട്ട് ആഫ്രിക്കന്‍ പടയുടെ ഹൃദയം തുളച്ചു. എങ്ങനെയെങ്കിലും ഗോള്‍ നേടാനുള്ള ശ്രമമായിരുന്ന പിന്നീട് കെനിയ നടത്തിയത്. വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ ഗുര്‍പ്രീത് സിങ്ങ് ഗോള്‍ പോസ്റ്റിന് മുന്നില്‍ വേലിക്കെട്ട് തീര്‍ത്തതോടെ കെനിയന്‍ പ്രതീക്ഷകള്‍ മങ്ങി. റഫറിയുടെ അവസാന വിസില്‍ മുഴങ്ങിയതോടെ മുംബെെ ആഹ്ളാദ തിമിര്‍പ്പിലായി. ഛേത്രി... ഛേത്രി... ഇന്ത്യ... ഇന്ത്യ... വിളികള്‍ മുഴങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!