
കട്ടക്ക്: ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തില്‍ ഇന്ത്യക്ക് 93 റണ്‍സിന്‍റെ കൂറ്റന്‍ വിജയം. ഇന്ത്യയുയര്‍ത്തിയ 181 വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 16 ഓവറില്‍ 87 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ യശ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് നേടിയ ഹര്‍ദിക് പട്ടേലുമാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും ജയദേവ് ഉനദ്കട്ട് ഒരു വിക്കറ്റും വീഴ്ത്തി. ട്വന്‍റി20യില്‍ ഇന്ത്യയുടെ മികച്ച വിജയമാണ് കട്ടക്കിലേത്.
ലങ്കക്കായി 23 റണ്‍സെടുത്ത ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ടോപ് സ്കോറര്‍. നിരോഷന്‍ ഡിക്‌വെല്ല 13 റണ്‍സും കുശാല്‍ പെരേര 17 റണ്‍സെടുത്തും പുറത്തായി. എയ്ഞ്ചലോ മാത്യൂസ്, അസലേ ഗുണരത്നെ, ദസുന്‍ ഷനകാ, കുശാല്‍ പെരേര എന്നിവര്‍ക്ക് രണ്ടക്കം കാണാനായില്ല. ശ്രീലങ്കന്‍ മുന്‍നിരയും മധ്യനിരയും ചഹലിന് മുന്നില്‍ വീണപ്പോള്‍ വാലറ്റം ഹര്‍ദിക് പാണ്ഡ്യക്ക് അടിയറവ് പറഞ്ഞു.
രണ്ടാം ഓവറില്‍ 13 റണ്‍സെടുത്ത ഡിക്‌വെല്ലയെ മടക്കി ഉനദ്കട്ട് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ മികച്ച ഫോം തുടരുമെന്ന് തോന്നിച്ച ഉപുല്‍ തരംഗ ചഹലിന് വിക്കറ്റ് സമ്മാനിച്ചു. 19 റണ്‍സെടുത്ത കുശാല്‍ പെരേരയെ കുല്‍ദീപ് കൂടി മടക്കിയതോടെ ശ്രീലങ്കന്‍ പ്രതിരോധം അവസാനിച്ചു. ശേഷം ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസ് അടക്കമുള്ളവര്‍ വന്നവേഗത്തില്‍ പവലിയനിലേക്ക് മടങ്ങി.
39 റണ്‍സും രണ്ട് വീതം ക്യാച്ചും സ്റ്റംപിംഗും നടത്തിയ വിക്കറ്റ് കീപ്പര്‍ ധോണിയുടെ പ്രകടനം നിര്‍ണ്ണായകമായി. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നിന് 180 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറി നേടിയ കെ.എല്‍.രാഹുലും(48 പന്തില്‍ 61) അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എം.എസ് ധോണിയും(പുറത്താകാതെ 39) മനിഷ് പാണ്ഡേയു(പുറത്താകാതെ 32)മാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഇന്ത്യക്കായി രോഹിത് ശര്‍മ്മ 17 റണ്‍സും ശ്രേയസ് അയ്യര്‍ 24 റണ്‍സുമെടുത്തു. ശ്രീലങ്കയ്‌ക്കുവേണ്ടി മാത്യൂസ്, തിസര പെരേര, നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടി20 ക്രിക്കറ്റിൽ 1500 റണ്‍സെന്ന നേട്ടം കൈവരിച്ചാണ് രോഹിത് ക്രീസ് വിട്ടത്. കോലിയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരവും ലോകത്ത് ഈ നേട്ടത്തിലെത്തുന്ന പതിന്നാലാമത്തെ ക്രിക്കറ്ററുമാണ് രോഹിത് ശര്‍മ്മ.
ഏഴാമത്തെ ഓവറില്‍ കെ.എല്‍ രാഹുലിനെ പുറത്താക്കിയെന്ന് തോന്നിച്ചെങ്കിലും ഡിആര്‍എസിലൂടെ എല്‍ബിഡബ്ല്യൂ അതിജീവിക്കാന്‍ ഇന്ത്യ ഓപ്പണര്‍ക്കായി. തുടര്‍ന്ന് അര്‍ദ്ധസെഞ്ച്വറി നേടിയ രാഹുല്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും പറത്തി. രാഹുലും അയ്യരും പുറത്തായശേഷം ഇന്ത്യന്‍ സ്‌കോറിങ് ഇഴഞ്ഞെങ്കിലും അവസാന ഓവറുകളില്‍ ധോണിയും മനിഷ് പാണ്ഡെയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് റണ്‍ നിരക്ക് ഉയര്‍ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!