പകരംവീട്ടി ഇന്ത്യ; കോലിക്കരുത്തില്‍ ആറ് വിക്കറ്റ് ജയം

By Web DeskFirst Published Feb 1, 2018, 10:36 PM IST
Highlights

ഡര്‍ബന്‍: ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് ആദ്യ ഏകദിനത്തില്‍ പകരംവീട്ടി ഇന്ത്യ. സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെയും(112) അര്‍ദ്ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും(79) മികവില്‍ ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യം 45.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. കാര്യമായ സംഭാവനയില്ലാതെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ 187 റണ്‍സ് കൂട്ടിച്ചേര്‍ത്ത കോലി-രഹാനെ കൂട്ടുകെട്ട് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 

വിരാട് കോലിയുടെ 33-ാം ഏകദിന സെഞ്ചുറിയാണ് ഡര്‍ബനില്‍ പിറന്നത്. മികച്ച കൂട്ടുകെട്ടിലേക്ക് ഓപ്പണര്‍മാര്‍ നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ രോഹിതിനെ(20) പുറത്താക്കി മോര്‍ക്കല്‍ ഞെട്ടിച്ചു. പിന്നീട് ധവാനൊപ്പം ചേര്‍ന്ന കോലി സുരക്ഷിതമായി ടീം സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടയില്‍ അനാവശ്യ റണ്‍സിനോടിയ ധവാന്‍(35) മര്‍ക്രാമിന്‍റെ തകര്‍പ്പന്‍ ത്രോയില്‍ വീണു. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് 62-2 എന്ന നിലയിലായിരുന്ന ഇന്ത്യയെ കോലി-രഹാനെ സഖ്യം കരകയറ്റി.

എന്നാല്‍ വിജയലക്ഷ്യത്തിന് 14 റണ്‍സ് അകലെ അര്‍ദ്ധ സെഞ്ചുറിയുമായി കുതിച്ച രഹാനെ(79) പുറത്തായത് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി. അതേസമയം വിജയലക്ഷ്യത്തിന് എട്ട് റണ്‍സ് 112 റണ്‍സെടുത്ത കോലി പുറത്താകുമ്പോള്‍ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ഒടുവില്‍ ധോണിക്കും പാണ്ഡ്യയ്ക്കും വിജയ റണ്‍ നേടി അവസാനിപ്പിക്കുക മാത്രമായി കടമ. ദക്ഷിണാഫ്രിക്കയ്ക്കായി ഫെഹ്‌ലുക്വായോ രണ്ടും മോര്‍ക്കല്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സിലവസാനിച്ചിരുന്നു.

ഒമ്പതാം ഏകദിന സെഞ്ചുറി നേടിയ നായകന്‍ ഫാഫ് ഡുപ്ലസിസിന്‍റെ(120) മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യശ്വേന്ദ്ര ചഹല്‍ രണ്ടും പേസര്‍മാരായ ഭുവനേശ്വറും ഭൂംമ്രയും ഓരോ വിക്കറ്റുകളും നേടി. ക്രിസ് മോറിസ്(37), ഡി കോക്ക്(37), ഫെഹ്ലുക്വയോ(27) എന്നിങ്ങനെയാണ് മറ്റ് പ്രോട്ടീസ് താരങ്ങളുടെ ഉയര്‍ന്ന സ്കോര്‍. വിജയത്തോടെ ആറ് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.


 

click me!