ഓസ്‌ട്രേലിയക്കെതിരായ പരമ്പര; ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റത്തിന് സാധ്യത

By Web TeamFirst Published Feb 13, 2019, 8:49 AM IST
Highlights

വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തുമ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിക്കും. രഹാനെ ടീമിലെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 

മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്‍റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. രണ്ട് ട്വന്‍റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് മുപ്പതിന് തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുൻപ് ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. അതിനാല്‍ ലോകകപ്പ് ടീം മുന്നിൽ കണ്ടായിരിക്കും സെലക്ടർമാരുടെ ടീം പ്രഖ്യാപനം. 

ന്യുസീലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ച ക്യാപ്റ്റൻ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തും. രോഹിത് ശർമ്മയ്ക്ക് പൂർണമായോ ഭാഗികമായോ വിശ്രമം നൽകും. പകരം കെ എൽ രാഹുലാവും ശിഖ‌‍ർ ധവാനൊപ്പം ഓപ്പണറാവുക. എം എസ് ധോണിക്കൊപ്പം റിഷഭ് പന്തിനെ നിലനി‍ർത്തിയേക്കും. ലോകകപ്പിന് മുൻപ് അജിങ്ക്യ രഹാനെ ടീമിലേക്ക് തിരിച്ചെത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

ഓസീസിന് എതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഐ പി എല്ലിന് വഴിമാറും. ലോകകപ്പിനുള്ള താരങ്ങളെ, പ്രത്യേകിച്ച് ബൗളർമാരെ ഐപിഎല്ലിൽ
നിരീക്ഷിക്കുമെന്ന് കോച്ച് രവി ശാസ്ത്രി പറഞ്ഞു. ജസ്പ്രീത് ബുംറ അടക്കമുള്ള പേസർമാരെ ഐ പി എല്ലിൽനിന്ന് മാറ്റിനിർത്തണമെന്ന് വിരാട് കോലി നേരത്തേ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഐ പി എൽ ടീമുകൾ അന്നുതന്നെ രംഗത്തെത്തിയിരുന്നു. 

ഓസ്ട്രേലിയക്കെതിരെ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി പൃഥ്വി ഷാ, മായങ്ക് അഗർവാൾ, പ്രിയങ്ക് പാഞ്ചൽ എന്നിവരെ കളിപ്പിക്കണമെന്ന് മുൻതാരം ഹർഭജൻ സിംഗ് പറഞ്ഞു. 

click me!