
ലണ്ടന്‍: വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ നായിക മിതാലി രാജിന് ചരിത്ര നേട്ടം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറി നേടിയ മിതാലി രാജ് വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ഷാര്‍ലെറ്റ് എഡ്വേര്‍ഡ് കുറിച്ച 5992 റണ്‍സിന്റെ റെക്കോര്‍ഡാണ് മിതാലി ഇന്ന് തിരുത്തിയത്. 191 മത്സരങ്ങളില്‍ നിന്നായിരുന്നു ഷാര്‍ലറ്റിന്റെ നേട്ടമെങ്കില്‍ 183 മത്സരങ്ങളിലെ 164 ഇന്നിംഗ്സുകളില്‍ നിന്നാണ് മിതാലിയുടെ നേട്ടം.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് ചരിത്രനേട്ടത്തിലെത്താന്‍ 34 റണ്‍സായിരുന്നു മിതാലിക്ക് വേണ്ടിയിരുന്നത്. മത്സരത്തില്‍ 69 റണ്‍സെടുത്ത മിതാലി വനിതാ ക്രിക്കറ്റില്‍ 6000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. നേരത്തെ തുടര്‍ച്ചയായി ഏഴ് അര്‍ധസെഞ്ചുറികള്‍ നേടി മിതാലി റെക്കോര്‍ഡിട്ടിരുന്നു.
വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡും(49 അര്‍ധസെഞ്ചുറികള്‍) 34കാരിയായ മിതാലിയുടെ പേരിലാണ്. 16-ാം വയസില്‍ 1999ല്‍ അയര്‍ലന്‍ഡിനെതിരെ രാജ്യത്തിനായി അരങ്ങേറിയ മിതാലി വനിതാ ക്രിക്കറ്റിലെ സച്ചിനെന്നാണ് അറിയപ്പെടുന്നത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടി ഇന്ത്യക്ക് വിജയം സമ്മാനിച്ചാണ് മിതാലി വരവറയിച്ചത്. എന്നാല്‍ പുരുഷ ക്രിക്കറ്റര്‍മാരുമായുള്ള താരതമ്യം ഒരിക്കലും മിതാലി അംഗീകരിച്ചുതരില്ലെന്ന് മാത്രം.
ലോകകപ്പിന് മുമ്പ് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്ററാരാണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പുരുഷ ക്രിക്കറ്ററോട് ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റര്‍ ആരാണെന്ന് നിങ്ങള്‍ ചോദിക്കുമോ എന്നായിരുന്നു മിതാലിയുടെ മറു ചോദ്യം. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് പുസ്തകവായനയില്‍ മുഴുകിയ മിതാലിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!