പഴയ വീഞ്ഞ്,പഴയ കുപ്പി; ധോണി പ്രഭാവം മങ്ങുന്നു

By Web DeskFirst Published Jul 4, 2017, 3:20 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയും മാന്‍ ഓഫ് ദ് മാച്ചും ആയശേഷം സംസാരിക്കവെ ധോണി തമാശയായി പറഞ്ഞ വാചകം താന്‍ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞാണെന്നായിരുന്നു. എന്നാല്‍ പരമ്പരയിലെ നാലാം മത്സരത്തില്‍ ആമയിഴച്ചില്‍ നടത്തി നേടിയ അര്‍ധസെഞ്ചുറിയ്ക്കും ഇന്ത്യയെ വിജയവര കടത്താനാവാഞ്ഞതോടെ അതിനൊരു ചെറിയ തിരുത്തുകൂടിവന്നിരിക്കുന്നു. ധോണി പറഞ്ഞപോലെ അദ്ദേഹം പഴയ വീഞ്ഞുതന്നെയാണ്, പക്ഷെ ആ വീഞ്ഞ് അല്‍പം പുളിച്ചുപോയെന്ന് മാത്രം.

ഇനി നമുക്ക് 2015ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലേക്ക് പോകാം. ഓസ്ട്രേലിയയോട് ഇന്ത്യ ദയനീയമായി തോറ്റശേഷം ധോണിയുടെ വാര്‍ത്താസമ്മേളനം കവര്‍ ചെയ്യാന്‍ പരക്കംപാഞ്ഞ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് യാദൃശ്ചികമായി അതുവഴി വന്ന ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഉന്നയിച്ചൊരു ചോദ്യമുണ്ട്. ഓസ്ട്രേലിയയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ 94 പന്തില്‍ 65 റണ്‍സ് മാത്രമെടുത്ത് മുട്ടിടിച്ചുനിന്ന നിങ്ങളുടെ ക്യാപ്റ്റന്‍ എന്താണ് ചെയ്തതെന്ന് നിങ്ങളിലാരെങ്കിലും അദ്ദേഹത്തോട് ചോദിക്കുമോ എന്നായിരുന്നു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് വോണിന്റെ ചോദ്യം.

ആ വാര്‍ത്താ സമ്മേളനത്തില്‍ ഒറ്റ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും ധോണിയോട് ആ ചോദ്യം ചോദിച്ചില്ല. രണ്ടരവര്‍ഷം മുമ്പ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാതിരുന്ന ആ ചോദ്യം ഇന്ന് കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നു. വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയെ വിജയവര കടത്തുന്നതില്‍ പരാജയപ്പെട്ടതോടെ ഇനിയും ബെസ്റ്റ് ഫിനിഷര്‍ എന്ന ആ പഴയ പേര് ധോണിയ്ക്ക് ചേരുമോ എന്ന്.

വിക്കറ്റിനുമുന്നില്‍ പ്രഭാവം മങ്ങിയ ധോണിയെ ഇനി എത്രനാള്‍ ചുമക്കും

ഇംഗ്ലണ്ടില്‍ നടക്കുന്ന 2019 ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് അമ്പതോളം ഏകദിന മത്സരങ്ങളാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ധോണിയുടെ പകരക്കാരനെ ഇപ്പോഴെ കണ്ടെത്തി ആവശ്യമായ മത്സരപരിചയം ഉറപ്പാക്കുക എന്നതാണ് സെലക്ടര്‍മാര്‍ ചെയ്യേണ്ടിയിരുന്നത്. ആ വഴിക്കുള്ള ശരിയായ നീക്കമായിരുന്നു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ദിനേശ് കാര്‍ത്തിക്കിനെയും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് യുവതാരം റിഷഭ് പന്തിനെയും ടീമിലുള്‍പ്പെടുത്താനുള്ള തീരുമാനം.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി മുതല്‍ ടീമിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തിക്കിന് ഒമ്പത് മത്സരങ്ങള്‍ കരയ്ക്കിരുന്നശേഷമാണ് വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ക്രീസിലിറങ്ങാന്‍ ഒരവസരം ലഭിച്ചത്. അതില്‍ പരാജയപ്പെട്ടതോടെ കാര്‍ത്തിക്കിനെ ഒഴിവാക്കുക എന്നത് സെലക്ടര്‍മാര്‍ക്ക് ഇനി എളുപ്പമുള്ള കാര്യമാണ്. റിഷഭ് പന്തിനാകട്ടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ നാലു മത്സരങ്ങളിലും അവസരം ലഭിച്ചതുമില്ല.

വിക്കറ്റിനു പിന്നില്‍ ധോണി ഇപ്പോഴും പഴയ ധോണി തന്നെയാണ്. പക്ഷെ വിക്കറ്റിനു മുന്നിലെത്തുമ്പോള്‍ ധോണി പഴയ ഫിനിഷറുടെ നിഴല്‍ മാത്രമാകുന്നു. സ്കോര്‍ പിന്തുടരുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫോമിലായാല്‍ ഇന്ത്യ ജയിക്കും. പക്ഷെ കോലി നേരത്തെ പുറത്തായാല്‍ മധ്യനിരയെ താങ്ങിനിര്‍ത്തേണ്ടത് ബാറ്റിംഗ് നിരയില്‍ അഞ്ചാം സ്ഥാനത്തിറങ്ങുന്ന ധോണിയും നാലാം സ്ഥാനത്തിറങ്ങുന്ന യുവരാജുമാണ്.

ഇരുവരുമിപ്പോള്‍ പഴയപ്രതാപത്തിന്റെ അടുത്തൊന്നുമല്ല. ഇവരെയുംകൊണ്ട് ഇന്ത്യക്ക് 2019ലെ ലോകകപ്പിന് പോകാനാകുമോ ?. ഇല്ലെന്ന് സെലക്ടര്‍മാര്‍ക്ക് ഉറപ്പുണ്ടെങ്കില്‍ പകരക്കാരനെ കണ്ടെത്തുകയും ആവശ്യമായ മത്സരപരിചയം നല്‍കുകയും ചെയ്യുന്നതല്ലേ ഉചതിമായ നടപടി. അതിനുള്ള ആദ്യ ചുവടാവേണ്ടതായിരുന്നു വിന്‍ഡീസ് പര്യടനം. ചാമ്പ്യന്‍സ് ട്രോഫിക്ക് പോലും യോഗ്യത നേടാനാവാതിരുന്ന വിന്‍ഡീസിനെതിരെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നെങ്കില്‍ അത് ലോകകപ്പിനുള്ള മികച്ച മുന്നൊരുക്കമാവുമായിരുന്നു.

ധോണി പഴയ ധോണിയല്ല

ഓസ്ട്രേലിയയുടെ മൈക്കല്‍ ബെവനുശേഷം ക്രിക്കറ്റ് ലോകം കണ്ട ബെസ്റ്റ് ഫിനിഷറാണ് ധോണിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ആ പദവിയെ ന്യായീകരിക്കുന്ന പ്രകടനങ്ങള്‍ സമീപകാലത്തൊന്നും ധോണിയുടെ ബാറ്റില്‍ നിന്നുണ്ടായിട്ടില്ലെന്നത് യാഥാര്‍ഥ്യവും. ഫിനിഷര്‍ എന്ന നിലയില്‍ ധോണിയ്ക്ക് അരങ്ങുതകര്‍ക്കാന്‍ ഇതിനിടയ്ക്ക് ലഭിച്ചത് നിരവധി അവസരങ്ങളായിരുന്നു. അതിലൊന്നുമാത്രമായിരുന്നു 2015 ലോകപ്പില്‍ ഓസ്ട്രേലിയക്കെതിരായ സെമിഫൈനല്‍. അതുമാത്രമായിരുന്നില്ല ധോണിയിലെ ഫിനിഷര്‍ പരാജയപ്പെട്ട സംഭവം.

2011 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ കിരീടമണിയിച്ച ധോണി കരിയറില്‍ മികവിന്റെ പാരമ്യത്തിലായിരുന്നു. എന്നാല്‍ 2012ല്‍ ചെന്നൈയില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ട്വന്റി-20 മത്സരത്തില്‍ 168 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു റണ്ണിന് തോറ്റു. ജയിക്കാന്‍ 40 പന്തില്‍ 48 റണ്‍സ് മാത്രം വേണ്ടപ്പോള്‍ ക്രീസിലെത്തിയ ധോണി 23 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ധോണിയിലെ ഫിനിഷറെക്കുറിച്ച് ആരാധകര്‍ ആദ്യം സംശയിച്ചുതുടങ്ങിയ നിമിഷമായിരുന്നു അത്.

2014ല്‍ എ‍ഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 മത്സരത്തില്‍ ജയിക്കാന്‍ 181 റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടത്. അവസാന ഓവറില്‍ 17 റണ്‍സ് വേണമായിരുന്നു ജയിക്കാന്‍. ആദ്യ പന്തില്‍ സിസ്കറടിച്ച് ധോണി പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പിന്നീട് സിംഗിളുകള്‍ പോലും എടുക്കാതെ ഒറ്റയ്ക്ക് ഫിനിഷ് ചെയ്യാന്‍ ശ്രമിച്ച ധോണിയ്ക്ക് പക്ഷെ ഇന്ത്യയെ വിജയവര കടത്താനായില്ല.

2015ല്‍ കാണ്‍പൂരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നടന്ന ഏകദിന മത്സരത്തില്‍ ബാറ്റിംഗ് പിച്ചില്‍ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. എന്നാല്‍ കാഗിസോ റബാദയുടെ പേസിനു മുന്നില്‍ ധോണിയ്ക്ക് അടിതെറ്റിയപ്പോള്‍ നേടാനായത് 7 റണ്‍സ് മാത്രം. ഇന്ത്യക്ക് മൂന്ന് റണ്‍സ് തോല്‍വി.

2016ലും കണ്ടു ഫിനിഷറുടെ റോളില്‍ ധോണിക്ക് അടിതെറ്റുന്നത്. സിംബാബ്‌വെയ്ക്കെതിരായ ട്വന്റി-20 മത്സരത്തില്‍ അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് മാത്രം മതിയായിരുന്നെങ്കിലും ധോണിക്ക് അത് നേടാനായില്ല. ഇന്ത്യ രണ്ട് റണ്‍സിന് തോറ്റു. 19 പന്തില്‍ 17 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു.

2016ല്‍ ഫ്ലോറിഡയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ട്വന്റി-20 മത്സരത്തില്‍ 246 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 8 റണ്‍സ്. അവസാന പന്തില്‍ രണ്ട് റണ്‍സും. എന്നാല്‍ ഡ്വയിന്‍ ബ്രാവോയുടെ മികവിനുമുന്നില്‍ ധോണി തലകുനിച്ചു. ഇന്ത്യ ഒരു റണ്ണിന് തോറ്റു. അതിനുശേഷം ഇത്തവണത്തെ ഐപിഎല്‍ ഫൈനലിലും ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും ഇപ്പോഴിതാ വിന്‍ഡീസിനെതിരെയുമെല്ലാം ധോണി ബാറ്റുകൊണ്ടു തോറ്റുമടങ്ങുന്നത് നമ്മള്‍ കണ്ടു.

എന്നിട്ടും എന്തുകൊണ്ട് ധോണി

വിക്കറ്റ് കീപ്പറെന്ന നിലയിലും ചിന്തിക്കുന്ന ക്രിക്കറ്ററെന്ന നിലയിലും ലോകക്രിക്കറ്റില്‍ ഇന്നും ധോണിക്ക് പകരക്കാരനില്ല. പക്ഷെ ബാറ്റിംഗിന്റെ കാര്യമെടുക്കുമ്പോള്‍ ധോണി ശരാശരിയിലും താഴെയാണ്. രാജ്യത്ത് ധോണിക്ക് പകരക്കാരില്ലാത്തതല്ല സെലക്ടര്‍മാരുടെ പ്രശ്നം. ഐപിഎല്ലിലും ടെസ്റ്റ് ടീമിലും മിന്നിത്തളിങ്ങിയ പാര്‍ഥിവ് പട്ടേല്‍, ആഭ്യന്തര ക്രിക്കറ്റില്‍ മികവുറ്റ പ്രകടനം പുറത്തെടുത്ത ദിനേശ് കാര്‍ത്തിക്ക്, യുവവിസ്മയം റിഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍ അങ്ങനെ ധോണിയ്ക്ക് പകരംവെയ്ക്കാന്‍ ഒരുഡസനോളം താരങ്ങളെങ്കിലുമുണ്ട് ഇന്ത്യക്കിപ്പോള്‍.

എന്നിട്ടും എന്തുകൊണ്ട് ധോണി തുടരുന്നു എന്നാണ് ചോദ്യമെങ്കില്‍ ഷെയ്ന്‍ വോണ്‍ നേരത്തെ ചോദിച്ച ചോദ്യത്തിലേക്ക് വരേണ്ടിവരും. ആ ചോദ്യം ധോണിയോട് നേരിട്ട് ചോദിക്കാന്‍ സെലക്ടമാര്‍ക്കോ രാജ്യത്തെ ക്രിക്കറ്റ് ഭരണാധികാരികള്‍ക്കോ ഇതുവരെ ധൈര്യമുണ്ടായിട്ടില്ലെന്ന് മാത്രം. ധോണിക്ക് മാത്രം എന്തുകൊണ്ട് ഈ പരിഗണനയെന്ന് പ്രമുഖ ചരിത്രകാരനും ക്രിക്കറ്റ് നിരീക്ഷകനുമായ രാമചന്ദ്ര ഗുഹ ചോദിച്ചിട്ട് പോലും ഉത്തരം കിട്ടിയിട്ടില്ല.

വലിയ ബാറ്റിഗ് ടെക്നിക്കൊന്നും വശമില്ലാത്ത ധോണി ടൈമിംഗ് കൊണ്ടാണ് ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷറായത്.ബാറ്റിംഗിലെ ടൈമിംഗ് പോലെ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ മുമ്പെടുത്ത തീരുമാനത്തിന് പിന്നിലും ധോണിയുടെ ഈ ടൈമിംഗ് കൃത്യമായിരുന്നു. ഏകദിന, ട്വന്റി-20 ക്രിക്കറ്റിന്റെ കാര്യത്തില്‍ ടൈമിംഗ് പിഴച്ച ധോണിയ്ക്ക് ഇനി എത്രനാള്‍ ഇങ്ങനെ തുടരനാവുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

click me!