ഇന്ത്യന്‍ ഫുട്ബോളിലും കോടികളുടെ കിലുക്കം; വിനീതിനും ഛേത്രിക്കും റെക്കോര്‍ഡ് തുക

By Web DeskFirst Published Jul 15, 2017, 8:30 PM IST
Highlights

കൊച്ചി: ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഇന്ത്യന്‍ കായികരംഗത്തെ കോടീശ്വരന്‍മാരെങ്കില്‍ ഐഎസ്എല്‍ സൂപ്പര്‍ഹിറ്റായതോടെ ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങളും പണത്തിളക്കത്തിലേക്കെത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണിലെ താരലേലം തുടങ്ങുംമുന്‍പേ അഞ്ചുകളിക്കാര്‍ കോടീശ്വരന്‍മാരായിക്കഴിഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പ്രതിഫല പട്ടികയില്‍ മുന്നില്‍. ഒന്നരക്കോടി രൂപ വാര്‍ഷിക പ്രതിഫലത്തിനാണ് ഛേത്രിയെ ബംഗലൂരു എഫ് സി നിലനിര്‍ത്തിയത്. നാല് കോടി അറുപത് ലക്ഷം രൂപയ്‌ക്ക് മൂന്ന് വര്‍ഷത്തേക്കാണ് ബിഎഫ്സിയുമായി ഛേത്രിയുടെ കരാര്‍. കഴിഞ്ഞസീസണില്‍  മുംബൈ സിറ്റിയില്‍ ഒരുകോടി ഇരുപത് ലക്ഷം രൂപയായിരുന്നു ഛേത്രിയുടെ പ്രതിഫലം.

ചെന്നൈയിന്‍ എഫ് സി ജെജെ ലാല്‍പെഖുലയ്‌ക്ക് ഇക്കൊല്ലം നല്‍കുന്നത് ഒരുകോടി  മുപ്പത് ലക്ഷം രൂപ. ഇതോടൊപ്പം എല്ലാ സീസണിലും ടീമില്‍ തുട‍ന്നതിനാല്‍ പത്ത് ലക്ഷം രൂപ ബോണസും ജെജെയ്‌ക്ക് കിട്ടും. മൂന്ന് വര്‍ഷത്തേക്കാണ് ജെജെയുടെയും പുതിയ കരാര്‍.  

ആരാധരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സി കെ  വിനീതിനെയും സന്ദേശ് ജിംഗാനെയും നിലനിര്‍ത്തിയത് വന്‍ പ്രതിഫലത്തിന്. ജിംഗാന് ഒരുകോടി ഇരുപത് ലക്ഷവും വിനീതിന് ഒരുകോടിയുമാണ് വാര്‍ഷിക കരാര്‍ തുക.

ഗോളി അമരീന്ദര്‍ സിംഗിനെ മുംബൈ സിറ്റി നിലനിര്‍ത്തിയത് ഒരുകോടി ഇരുപത് ലക്ഷം രൂപയ്‌ക്ക്. ഇതോടെ ഐ എസ് എസ് എല്ലിലെ  ഏറ്റവും വിലയേറിയ ഗോള്‍കീപ്പറുമായി അമരീന്ദര്‍. മലയാളിതാരം അനസ് എടത്തൊടികയ്‌ക്ക് പ്ലെയേഴ്‌സ് ഡ്രാഫ്റ്റില്‍ വന്‍പ്രതിഫലം കിട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈമാസം 23നാണ് പ്ലെയേഴ്‌സ് ഡ്രാഫ്റ്റ്.

 

click me!