പെനാള്‍ട്ടി പാഴാക്കി; മരണമുഖത്ത് കാലിടറി ബ്ലാസ്റ്റേ‌ഴ്‌സ്

By Web DeskFirst Published Feb 23, 2018, 10:09 PM IST
Highlights

കൊച്ചി: അമ്പത്തിരണ്ടാം മിനുറ്റില്‍ ലഭിച്ച പെനാള്‍ട്ടി കിക്ക് പാഴാക്കിയതിന് കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കിയത് കനത്ത വില. മഞ്ഞക്കടല്‍ ആര്‍ത്തിരമ്പിയ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്‌സിയോട് ഗോള്‍രഹിത സമനില വഴങ്ങി. ഇതോടെ ഐഎസ്എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ കൂടുതല്‍ ആശങ്കയിലായി. ഭാഗ്യത്തിന്‍റെ പിന്തുണ പ്രതികൂലമായ മത്സരത്തില്‍ ചെന്നൈയിന്‍ ഗോളി കരന്‍ജിത്തിന്‍റെ തകര്‍പ്പന്‍ സേവുകളും മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. 

ആവേശം അലതല്ലിയതായിരുന്നു കൊച്ചിയില്‍ അയല്‍ക്കാര്‍ തമ്മിലുള്ള നിര്‍ണായക മത്സരം. മഞ്ഞപ്പടയുടെ തട്ടകത്തില്‍ കളിയാരവമുയര്‍ന്നത് 11-ാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ ഗോളെന്നുറച്ച ഷോട്ടോടെയാണ്. പിന്നീട് വിനീതും പെക്കൂസണും ഗുഡ്ജോണും മാറിമാറി ചെന്നൈയിന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയെങ്കിലും വലകുലുക്കാനായില്ല.

ഗാലറിയെ നിശബ്ദമാക്കി 22-ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്‍റെ പാസില്‍ നിന്ന് സി.കെ വിനീത് തൊടുത്ത മഴവില്‍ ഷോട്ട് ബാറില്‍ തട്ടിതെറിച്ചു. 41-ാം മിനുറ്റില്‍ ലഭിച്ച മുന്നിലെത്താനുള്ള സുവര്‍ണാവസരം ചെന്നൈയിന്‍ പാഴാക്കി. 45-ാം മിനുറ്റില്‍ ഗോള്‍ലൈനില്‍ ലഭിച്ച അവസരം ജെജ പാഴാക്കിയതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയ്ക്ക് പിരിഞ്ഞു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗുഡ്ജോണിലൂടെ 52-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്സിന് പെനാള്‍ട്ടി ലഭിച്ചു. കേരളത്തിനായി പെനാള്‍ട്ടിയെടുക്കാന്‍ എത്തിയത് കറേജ് പെക്കൂസണ്‍. പെക്കുസന്‍റെ ദുര്‍ബലമായ ഷോട്ട് ഗോള്‍ കീപ്പര്‍ കരന്‍ജിത്ത് അനായാസം തട്ടിയകറ്റിയപ്പോള്‍ മഞ്ഞപ്പടയുടെ പ്രതീക്ഷകള്‍ പോസ്റ്റിന് പുറത്തായി. ജീവന്മരണ പോരാട്ടത്തില്‍ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വരുത്തിയത് വലിയ പിഴവ്.

77-ാം മിനുറ്റില്‍ ഗുഡ്ജോണിന്‍റെ മനോഹര നീക്കം കൂടി കരന്‍ജിത്തിന്‍റെ കൈകളില്‍ അവസാനിച്ചു. 88-ാം മിനുറ്റില്‍ ഗാവിലാന്‍റെ മുന്നേറ്റം ജിംഗാന്‍ തട്ടിയകറ്റിയതോടെ അവസാന നിമിഷം ഗോള്‍ നേടാനുള്ള ചെന്നൈയിന്‍ നീക്കം പാളി. ഒടുവില്‍ അധിക സമയത്തും ഗോള്‍ മാറിനിന്നതോടെ ബ്ലാസ്റ്റേഴ്സിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി അവസാന ഹോം മത്സരത്തിന് ഫൈനല്‍ വിസില്‍.

click me!