കാണാം കലാശക്കളിയില്‍ വലയില്‍വീണ ഗോളുകള്‍

By Web DeskFirst Published Mar 17, 2018, 11:07 PM IST
Highlights
  • മൂന്ന് ഹെഡററുകള്‍ പിറന്ന മത്സരം തലകള്‍ തമ്മിലുള്ള മത്സരവുമായി

ബെംഗളൂരു: ഒട്ടും നിശബ്‌ധമായിരുന്നില്ല ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയം. ഐഎസ്എല്‍ കലാശക്കളിയുടെ കിക്കോഫിനായി ആര്‍ത്തിരമ്പി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. നായകന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു തുടക്കത്തിലെ മുന്നിലെത്തിയതോടെ കളിക്കും കാണികള്‍ക്കും ആവേശം കൂടി. പിന്നാലെ വലകുലുക്കാന്‍ ഇരുടീമും മത്സരിച്ചപ്പോള്‍ നാലാം സീസണ്‍ ഫൈനല്‍ ഗോള്‍മേളമായി. 

കലാശക്കളിയില്‍ ചെന്നൈയിന്‍ 'തല'കുലുക്കിയപ്പോള്‍ മൂന്ന് ഹെഡര്‍ പിറന്ന മത്സരം തലകള്‍ തമ്മിലുള്ള പോരാട്ടവുമായി

ഒമ്പതാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛെത്രിയുടെ തകര്‍പ്പന്‍ ഹെഡററിലൂടെ ബംഗളൂരു എഫ്‌സി മുന്നിലെത്തി. ഐഎസ്എല്‍ നാലാം സീസണില്‍ ഛെത്രിയുടെ പതിനാലാം ഗോള്‍. ഉദാന്ത സിങ്ങിന്റെ മൂര്‍ച്ചയേറിയ ക്രോസിന് പറന്ന് തലവെച്ച് ഛേത്രി ഗോള്‍നേട്ടം മനോഹരമാക്കി. 

എന്നാല്‍ 17ാം മിനിറ്റില്‍ മൈല്‍സണ്‍ ആല്‍വസ് ചെന്നൈയിനെ ഒപ്പമെത്തിച്ചു. ബ്രസീലിയന്‍ നീളക്കാരന്റെ ഒരു തകര്‍പ്പന്‍ ഹെഡ്ഡര്‍. ഗ്രിഗറി നെല്‍സന്റെ കോര്‍ണറില്‍ നിന്നുള്ള ബുള്ളറ്റ് ഹെഡ്ഡര്‍ ബെംഗളൂരു എഫ്‌സിയുടെ ഫാര്‍ പോസ്റ്റില്‍ പതിക്കുമ്പോള്‍ സ്‌കോര്‍ 1-1.

ബ്രസീലിയന്‍ താരം ഒരിക്കല്‍കൂടി ചെന്നൈയിന്‍ എഫ്‌സിക്ക് ലീഡ് നല്‍കി. ഇത്തവണയും നെല്‍സണ്‍- മൈല്‍സണ്‍ കൂട്ടുക്കെട്ടാണ് ലീഡ് സമ്മാനിച്ചത്. നെല്‍സന്റെ മറ്റൊരു കോര്‍ണറില്‍ ഒരിക്കല്‍കൂടി ആല്‍വസ് തലവച്ചപ്പോള്‍ ബെംഗളൂരു എഫ്‌സി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നിസഹായനായി.

പിന്നാലെ 67ാം മിനിറ്റില്‍ മൂന്നാം ഗോള്‍ പിറന്നതോടെ ബംഗളൂരു തോല്‍വി ഉറപ്പിച്ചു. നെല്‍സണില്‍ നിന്ന് പന്ത് വാങ്ങിയ ജേജേ ബോക്‌സിന് പുറത്ത് അഗസ്റ്റോയ്ക്ക് മറിച്ച് നല്‍കി. ബോക്‌സിന് പുറത്ത് നിന്ന് അഗസ്റ്റോയുടെ വലങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക്. സന്ധുവിന്റെ മുഴുനീളെ ഡൈവിങ്ങിനും ബെംഗളൂരിനെ ജയിപ്പിക്കാനായില്ല.
 
കളി തീരാന്‍ മൂന്ന് മിനുറ്റ് ബാക്കിനില്‍ക്കേ ഇഞ്ചുറി സമയത്ത് മികു നേടിയ ഗോളാണ് ബെംഗളൂരുവിന്റെ തോല്‍വി ഭാരം കുറച്ചത്. വലത് വിങ്ങില്‍ നിന്ന് ഉദാന്തയുടെ ക്രോസ് മികു അനായാസം ഗോളാക്കി. 

click me!