ഐസിസി ഏകദിന റാങ്കിംഗ്; ബൂമ്രയ്ക്കും കോലിക്കും നേട്ടം

By Web DeskFirst Published Sep 5, 2017, 3:57 PM IST
Highlights

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വന്‍ മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ജസ്‌പ്രീത് ബൂമ്ര 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തി. ഇതാദ്യമായാണ് ബൂമ്ര ആദ്യ പത്തിലെത്തുന്നത്. ഓസ്ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡാണ് ഒന്നാം സ്ഥാനത്ത്. ഇമ്രാന്‍ താഹിര്‍ രണ്ടാമതും മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നാമതുമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 24ാം റാങ്കിലെത്തിയതായിരുന്നു ഇതിനുമുമ്പ് ബൂമ്രയുടെ മികച്ച റാങ്കിംഗ്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തിലെ അഞ്ചു വിക്കറ്റ് പ്രകടനമടക്കം 15 വിക്കറ്റുകാള് ബൂമ്ര കൊയ്തത്.

പരമ്പരയില്‍ ജഡേജയ്ക്ക് പകരം കളിച്ച അക്ഷര്‍ പട്ടേല്‍ പത്തു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി. പരമ്പരയില്‍ ആറു വിക്കറ്റുകളാണ് അക്ഷര്‍ പട്ടേല്‍ വീഴ്‌ത്തിയത്. ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറി അടക്കം 330 റണ്‍സടിച്ച കോലി രണ്ടാം സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണറുമായുള്ള റാങ്കിംഗിലെ പോയന്റ് വ്യത്യാസം 26 ആക്കി ഉയര്‍ത്തി.

നിലവില്‍ 887 റാങ്കിംഗ് പോയന്റുള്ള കോലി റാങ്കിംഗില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച റേറ്റിംഗ് പോയന്റുകളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്തി. 1998ലാണ് സച്ചിന്‍ ഈ നേട്ടം കൈവരിച്ചത്. ലങ്കയ്ക്കെതിരെ രണ്ട് സെഞ്ചുറി അടക്കം 302 റണ്‍സടിച്ച രോഹിത് ശര്‍മ ഒമ്പതാം സ്ഥാനത്തേക്കയുയര്‍ന്നപ്പോള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ധോണി പത്താം സ്ഥാനത്തെത്തി. സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ലോകകപ്പിന് നേരിട്ടു യോഗ്യത നേടാനുള്ള അവസരം ലങ്ക പാഴാക്കി. ഏകദിന ടീം റാങ്കിംഗില്‍ 119 റണ്‍സുമായി ദക്ഷിണാഫ്രിക്ക തന്നെയാണ് ഒന്നാമത്. 117 പോയന്റ് വീതമുള്ള ഓസ്ട്രേലിയ രണ്ടാമതും ദശാംശ കണക്കില്‍ ഇന്ത്യ മൂന്നാമതുമാണ്.

 

click me!