പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ടെന്നീസ് താരത്തിന്‍റെ വെളിപ്പെടുത്തല്‍

By Web DeskFirst Published Nov 13, 2017, 10:23 PM IST
Highlights

സിഡ്‌നി: ചെറുപ്പം മുതല്‍ പിതാവായ ദമിര്‍ ഡോകിച്ച് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മുന്‍ വിംബിള്‍ഡന്‍ സെമിഫൈനലിസ്റ്റ് ജെലീന ഡോകിച്ച്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആത്മകഥയിലാണ് പരിശീലകന്‍ കൂടിയായിരുന്ന ദമിര്‍ ഡോക്കിച്ച് നിരന്തരം മര്‍ദിച്ചിരുന്ന വിവരം ജെലീന വെളിപ്പെടുത്തിയത്. നിരന്തരം മുടിയിലും ചെവിയിലും പിടിച്ച് വലിച്ചിരുന്നതായും മുഖത്ത് അടിച്ചിരുന്നെന്നും ആത്മകഥയില്‍ പറയുന്നു. മോശം പെരുമാറ്റത്തിന് ജയില്‍ ശിക്ഷയും ടെന്നീസ് മത്സരങ്ങളില്‍ നിന്ന് വിലക്കും ലഭിച്ച് കുപ്രസിദ്ധി നേടിയ ആളാണ് ദമിര്‍ ഡോകിച്ച്.  

ടെന്നീസ് കളിച്ചു തുടങ്ങിയ ദിനം മുതല്‍ പിതാവ് മര്‍ദിച്ചിരുന്നു. ശാരീരിക വേദനയെക്കാള്‍ മുറിവേല്‍പിച്ചത് പിതാവില്‍ നിന്നേല്‍ക്കേണ്ടി വന്ന മാനസിക പീഡനമാണ്. ചെറു പ്രായത്തില്‍ അദേഹത്തില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ മനസിനെ മുറിവേല്‍പ്പിച്ചു. 2000ലെ വിബിള്‍ഡന്‍ സെമിയില്‍ ലിന്‍ഡ്‌സേയോട് പരാജയപ്പെട്ട ശേഷം കുടുംബം താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചുവരേണ്ടന്ന് പറഞ്ഞു. തുടര്‍ന്ന് കോര്‍ട്ടിനു സമീപം ഉറങ്ങാന്‍ ശ്രമിച്ച 17 വയസുകാരിയായ ജെലീനയെ സംഘാടകരാണ് രക്ഷിച്ചതെന്നും ആത്മകഥയിലുണ്ട്.

2000ല്‍ യു.എസ് ഓപ്പണിനിടെ ഭക്ഷത്തിന്‍റെ വിലകൂടിയെന്ന് ആരോപിച്ച് ജീവനക്കാരെ തെറിവിളിച്ചതിനും മാധ്യമപ്രവര്‍ത്തകന്‍റെ ഫോണ്‍ എറിഞ്ഞുടച്ചതിനും ദമിര്‍ ഡോക്കിച്ചിനെ ലോക ടെന്നീസ് അസോസിയേഷന്‍ വിലക്കിയിരുന്നു. മത്സരങ്ങള്‍ തടസപ്പെടുത്തിയതിനും ഓസ്‌ട്രലിയന്‍ ഓപ്പണ്‍ സംഘാടകര്‍ക്കെതിരായ ഒത്തുകളി ആരോപണത്തിനും ദമിറിനെ തൊട്ടടുത്ത വര്‍ഷം വീണ്ടും വിലക്കി. മത്സരങ്ങള്‍ തടസപ്പെടുത്തുന്ന പരിശീലകരെയും കുടുംബാങ്ങളെയും മത്സരവേദിയില്‍ നിന്ന് വിലക്കാന്‍ ലോക ടെന്നീസ് അസോസിയേഷന് അധികാരമുണ്ട്. 

ആയുധങ്ങള്‍ കാട്ടി ഓസ്‌ട്രലിയന്‍ അംബാസിഡറെ ഭീഷണിപ്പെടുത്തിയതിനാണ് മിര്‍ ഡോക്കിച്ച് ജയില്‍ ശിക്ഷ അനുഭവിച്ചത്. മുന്‍ ലോക നാലാം നമ്പറായ ജെലീന തുടര്‍ച്ചയായ പരിക്കും വിഷാദരോഗവും മൂലം 2012ല്‍ കോര്‍ട്ടില്‍ നിന്ന് പിന്‍വാങ്ങി. എട്ടാം വയസില്‍ പിതാവിനു കീഴില്‍ ടെന്നീസ് കളിച്ചുതുടങ്ങിയ ജെലീന യു.എസ് ഓപ്പണ്‍ ജൂനിയര്‍ കിരീടം നേടിയിട്ടുണ്ട്. 2002ലാണ് കരിയറിലെ മികച്ച റാംങ്കിംഗായ നാലിലെത്തിയത്. വിബിള്‍ഡനില്‍ മാര്‍ട്ടിനെ ഹിംഗസിനെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ച് വിസ്മയിപ്പിച്ച താരമാണ് ജെലീന.

click me!