താരങ്ങളുടെ യാത്രക്കായി ബിസിസിഐ സ്വന്തമായി വിമാനം വാങ്ങണമെന്ന് കപില്‍ ദേവ്

By Web DeskFirst Published Sep 11, 2017, 7:58 AM IST
Highlights

മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് യാത്രചെയ്യാനായി ബിസിസിഐ സ്വന്തമായി വിമാനം  വാങ്ങണമെന്ന് കപില്‍ ദേവ്. ഇടവേളകളില്ലാതെ മത്സരങ്ങളാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. പലപ്പോഴും വിമാനത്തിനായി മണിക്കൂറുകള്‍  കാത്തിരുന്ന് സമയം നഷ്‌ടമാവുന്നു. ഇതൊഴിവാക്കാന്‍ നിര്‍ദേശവുമായി  രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. ബിസിസിഐ സ്വന്തമായി വിമാനം വാങ്ങുക. നൂറുപേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തിന് അഞ്ഞൂറുകോടി  രൂപയേ ആവുകയുള്ളൂ.

ഇന്ത്യന്‍ ടീമിനായി നാല്‍പതുപേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തിന്റെ ആവശ്യമേയുള്ളൂ. കോടികള്‍ വരുമാനമുള്ള  ബിസിസിഐക്ക് വിമാനം വാങ്ങാനും സംരക്ഷിക്കാനും ഇപ്പോള്‍ള്‍ പ്രയാസമില്ല. പ്രമുഖ അമേരിക്കന്‍ ഗോള്‍ഫ് താരങ്ങളെപ്പോലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും സ്വന്തമായി വിമാനം വാങ്ങുന്നകാലം വിദൂരമല്ലെന്നും കപില്‍ദേവ് പറയുന്നു. ഇന്ത്യന്‍ കളിക്കാരെ വിദേശ ട്വന്റി-20 ലീഗുകളില്‍ കളിക്കാന്‍ അനുവദിക്കാത്ത ബിസിസിഐ നടപടിയെ വിമര്‍ശിച്ച കപില്‍, സച്ചിന്റെ റെക്കോര്‍ഡുകള്‍ കോലിക്ക് മുന്നില്‍ വഴിമാറുമെന്നും പറഞ്ഞു.

സച്ചിന്‍റെ നൂറ് സെഞ്ച്വറികളുടെ റെക്കോര്‍ഡ് തകരില്ലെന്നായിരുന്നു കരുതിയിരുന്നത്. കോലിയുടെ സ്ഥിരതയാര്‍ന്ന ബാറ്റിംഗ് ധാരണ മാറ്റി. റിക്കി പോണ്ടിംഗിന്റെ മുപ്പത് സെഞ്ച്വറിയെന്ന റെക്കോര്‍ഡിലേക്ക് എത്താന്‍ കോലിക്ക് കുറച്ചുമത്സരങ്ങളേ വേണ്ടിവന്നുള്ളൂവെന്നും കപില്‍ ചൂണ്ടിക്കാണിക്കുന്നു.

click me!