കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ സി കെ വിനീതും കോപ്പലും ഉണ്ടായേക്കില്ല

By Web DeskFirst Published Jun 30, 2017, 8:03 PM IST
Highlights

അടുത്ത സീസണിൽ ടീമിലെ രണ്ട് താരങ്ങളെയേ നിലനിർത്തൂവെന്ന് കേരള ബ്ലാസ്റ്റേഴ്സ്. സി.കെ വിനീതും കോച്ചായി സ്റ്റീവ് കോപ്പലും ടീമിലുണ്ടാകുമോ എന്നതിൽ ഉറപ്പ് നൽകാനാവില്ലെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. സംസ്ഥാനത്ത് ഫുട്ബോൾ വളർത്താൻ 16 വയസിൽ താഴെയുള്ള കുട്ടികൾക്കായി 25 ഫുട്ബോൾ സ്കൂളുകൾ ബ്ലാസ്റ്റേഴ്സും കെഎഎഫ്എയും ചേർന്ന് ആരംഭിക്കും.

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ സീസണിൽ പിന്നിൽ നിന്ന് പൊരുതിക്കയറി റണ്ണറപ്പായ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ ടീമിനെ കപ്പിനോട് അടുപ്പിച്ച പ്രമുഖ താരങ്ങളെ കേരള ബ്ലാസ്റ്റേഴിസിന്‍റെ മഞ്ഞ ജഴ്സിയിൽ ഇത്തവണ കാണാനാകില്ല. കഴിഞ്ഞ സീസണിൽ കളിച്ച ഒന്നോ രണ്ടോ താരങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാകും. ആരോൺ ഹ്യൂസ്, സന്ദേശ് ജിങ്കൻ എന്നിവരുടെ കാര്യത്തിലും ഉറപ്പില്ല. എല്ലാവരെയും ഡ്രാഫ്റ്റിൽ നിന്ന് സ്വന്തമാക്കാനാണ് ടീം മാനേജ്മെന്‍റെ തീരുമാനം.

എല്ലാതലങ്ങളിലും ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം കേരള ബ്ലാസ്റ്റേഴ്സ് 25 ഫുട്ബോൾ സ്കൂളുകൾ തുടങ്ങും. കേരള ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചാണ് പ്രവർത്തനം. സ്കൂളിൽ 10,12,14,16 വയസ്സ് പ്രായപരിധിയിലുള്ള കുട്ടികൾക്ക് പരിശീലനം നൽകും. ഇവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫുട്ബോൾ ലീഗും ആരംഭിക്കും. ജില്ലകളിൽ പരസ്പരം മത്സരിച്ച് വിജയിക്കുന്ന സ്കൂൾ ടീമുകൾ സംസ്ഥാന ചാമ്പ്യൻഷിപ്പിനായി ഏറ്റുമുട്ടും. ഫുട്ബോൾ ലീഗിൽ നിന്നും സ്കൂളിൽ നിന്നും തെരഞ്ഞെടുക്കുന്ന പ്രതിഭകളെ വിദഗ്ധ പരിശീലനത്തിനായി പ്രത്യേക വികസന കേന്ദ്രങ്ങളിലേക്ക് അയക്കുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു.

click me!