സന്തോഷ് ട്രോഫി: ഇന്ന് തോല്‍ക്കാതിരുന്നാല്‍ കേരളം യോഗ്യത നേടും

By Web DeskFirst Published Jan 9, 2017, 2:06 AM IST
Highlights

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത മത്സരത്തില്‍ അവസാനറൗണ്ടിലേക്ക് പ്രവേശനം ഉറപ്പിക്കാന്‍ കേരളം ഇന്നിറങ്ങും. ഗ്രൂപ്പില്‍ കേളത്തിന്റെ അവസാനമത്സരം കര്‍ണ്ണാടകയുമായാണ്. സമനില നേടിയാലും കേരളത്തിന് അവസാന റൗണ്ടിലെത്താം. തോല്‍വി വഴങ്ങിയാല്‍ മാത്രമേ കേരളത്തിന് ആശങ്കയുള്ളൂ. മറ്റൊരുകളിയില്‍ ആന്ധ്ര പോണ്ടിച്ചെരിയെ നേരിടും. കേരള കര്‍ണ്ണാടക മത്സരം വൈകിട്ട് നാലിനും ആന്ധ്ര പോണ്ടിച്ചേരി മത്സരം ഉച്ചക്ക് 1.45 നുമാണ്.

കഴിഞ്ഞ തവണ കൈവിട്ട അവസാന റൗണ്ട് യോഗ്യത ഇക്കുറി നേടാനുള്ള ഒരുക്കത്തിലാണ് കേരളം. തമിഴ്‌നാടുമായി ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കഴിഞ്ഞതവണ കേരളത്തിന് യോഗ്യത നഷ്ടമായത്. എന്നാല്‍ ഇക്കുറി കേരളത്തിന് ഇനി കടക്കാന്‍ ഒരു കടമ്പ മാത്രം. രണ്ട് കളികള്‍ ജയിച്ചതോടെ എ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി കേരളം മുന്നിലാണ്. കര്‍ണ്ണാടകയുമായി സമനില നേടിയാല്‍ പോലും കേരളത്തിന് അവസാന റൗണ്ട് ഉറപ്പിക്കാം. ജയത്തോടെ തന്നെ അവസാന റൗണ്ടിലെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം.

ഒരുതോല്‍വിയും ഒരു ജയവുമായാണ് കര്‍ണ്ണാടക കേരളത്തെ നേരിടുന്നത്. കേരളത്തോട് ജയിച്ചാല്‍ മാത്രമേ കര്‍ണ്ണാടക്ക് യോഗ്യതക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.ആന്ധ്രയും പോണ്ടിച്ചേരിയുമായാണ് മറ്റൊരു കളി. ഒരു ജയത്തോടെ ആന്ധ്രക്ക് മൂന്ന് പോയിന്റുണ്ട്. പോണ്ടിച്ചേരിയാവട്ടെ രണ്ട് കളികളും തോറ്റതോടെ യോഗ്യത റൗണ്ടില്‍ നിന്ന് പുറത്തായി.2015ലാണ് അവസാനമായി  കേരളം സന്തോഷ് ട്രോഫിയുടെ അവസാന റൗണ്ടില്‍ കളിച്ചത്. അന്ന് മികച്ച പ്രകടനം നടത്തിയ കേരളം സെമിയില്‍ പുറത്താവുകയായിരുന്നു. സര്‍വ്വീസസാണ് കേരളത്തെ സെമിയില്‍ തോല്‍പ്പിച്ചത്.

click me!