ദക്ഷിണാഫ്രിക്കയില്‍ നേരത്തേ പോയി തയറാടെുക്കേണ്ടന്ന് പറഞ്ഞത് കോലിയും ശാസ്ത്രിയും

By Web DeskFirst Published Jan 10, 2018, 2:28 PM IST
Highlights

മുംബൈ: തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്നതിനെതിരെ പരാതി പറഞ്ഞ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി അവിടെച്ചെന്ന് നേരത്തെ തയാറെടുപ്പിനുള്ള ബിസിസിഐയുടെ വാഗ്ദാനവും നിരസിച്ചതെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ പ്രമുഖര്‍ക്ക് വിശ്രമം നല്‍കി അവരെ നേരത്തെ ദക്ഷിണാഫ്രിക്കിയിലേക്കയച്ച് ടെസ്റ്റ് പരമ്പരക്ക് തയാറെടുപ്പ് നടത്താമെന്ന് ബിസിസിഐ നിര്‍ദേശിച്ചെങ്കിലും കോലിയും കോച്ച് രവി ശാസ്ത്രിയും ഇത് നിരസിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചേതേശ്വർ പൂജാര, മുരളി വിജയ്, അജിങ്ക്യ രഹാനെ തുടങ്ങിയ താരങ്ങളെ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി നേരത്തേതന്നെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്ക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനുള്ള ചെലവു വഹിക്കാനുള്ള സന്നദ്ധതയും ബിസിസിഐ ഇന്ത്യൻ ടീം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. ബിസിസിഐയിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയും സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നെങ്കിലും ശാസ്ത്രിക്കും കോലിക്കും ഇതു സ്വീകാര്യമായില്ല.

ഇന്ത്യൻ ടീമിന്റെ യഥാർഥ വിലയിരുത്തലാകുമെന്ന് നേരത്തേതന്നെ കരുതപ്പെട്ട ഈ പരമ്പര സുപ്രധാനമാണെന്നിരിക്കെ, താരങ്ങൾ‌ നേരത്തേതന്നെ ദക്ഷിണാഫ്രിക്കയിലേക്കു പോയി സാഹചര്യങ്ങളുമായി പൊരുത്തപ്പെടട്ടെ എന്ന പൊതുധാരണയുടെ പുറത്തായിരുന്നു ബിസിസിഐയുടെ ഇടപെടൽ.

എന്നാൽ, ടീമംഗങ്ങൾ ഒരുമിച്ച് ദക്ഷിണാഫ്രിക്കയിലേക്കു പോയാൽ മതിയെന്ന നിലപാടാണ് ടീം മാനേജ്മെന്റ് സ്വീകരിച്ചത്. ഇതോടെ ശ്രീലങ്കൻ പര്യടനത്തിനുശേഷം ഡിസംബർ 28നാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലെത്തിയത്. ജനുവരി അഞ്ചിന് തന്നെ ആദ്യ ടെസ്റ്റ് കളിക്കാൻ ഇറങ്ങേണ്ടി വരികയും ചെയ്തു.

click me!