ലാ ലിഗ വേള്‍ഡ്: ഗോള്‍‌മഴയില്‍ കപ്പുയര്‍ത്തി ജിറോണ

Published : Jul 28, 2018, 09:06 PM ISTUpdated : Jul 30, 2018, 12:16 PM IST
ലാ ലിഗ വേള്‍ഡ്: ഗോള്‍‌മഴയില്‍ കപ്പുയര്‍ത്തി ജിറോണ

Synopsis

പ്രഥമ ലാ ലിഗ വേള്‍ഡ് പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേ‌ഴ്‌സിനെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തളച്ച് സ്‌പാനിഷ് വമ്പന്‍മാരായ ജിറോണ എഫ്‌സിക്ക് കിരീടം

കൊച്ചി: പ്രഥമ ലാ ലിഗ വേള്‍ഡ് പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഗോള്‍മഴയില്‍ മുക്കി സ്‌പാനിഷ് ക്ലബ് ജിറോണ എഫ്‌സിക്ക് കിരീടം. മഞ്ഞപ്പടയുടെ തട്ടകത്തില്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്കാണ് ജിറോണയുടെ ജയം. ജിറോണക്കായി മോണ്ടെസ്(42), പോറോ(53), ഗ്രാനെല്‍(57), ബെനിറ്റസ്(73), ഗാര്‍സ്യ(92) എന്നിവര്‍ ഗോള്‍ നേടി. അതേസമയം ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് ടൂര്‍ണമെന്‍റിലെ രണ്ടാം തോല്‍വിയാണ്.

ആദ്യ പകുതിയുടെ തുടക്കം ജിറോണയുടേയായിരുന്നു. സ്‌ട്രൈക്കര്‍ സോണിയെ വീഴ്ത്തിയതിന് 22-ാം മിനുറ്റില്‍ മലയാളി താരം സക്കീറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധിച്ച് കളിച്ചപ്പോള്‍ വല കുലുക്കാന്‍ ജിറോണയ്ക്ക് 42-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. പോറോയുടെ പാസില്‍ എറിക് മോണ്ടെസ് അസാധ്യ ആംഗിളില്‍ നിന്ന് ഗോള്‍ നേടിയതോടെ സന്ദര്‍ശകര്‍ക്ക് ലീഡുമായി ഇടവേള. 

കൊച്ചിയിലെ കാലാവസ്ഥയില്‍ ആദ്യ പകുതിയില്‍ വിയര്‍ത്ത ജിറോണ രണ്ടാം പകുതിയില്‍ ഗോള്‍ മഴ പെയ്യിച്ചു. 53-ാം മിനുറ്റില്‍ ഗ്രാനെലിന്‍റെ ക്രോസില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് പോറോ വല കുലുക്കി. പന്ത് തട്ടിയകറ്റാനുള്ള ജിങ്കാന്‍റെ ശ്രമം പാളിയപ്പോള്‍ ഗോളി നവീന്‍ കുമാറിനും പിഴയ്ക്കുകയായിരുന്നു. നാല് മിനുറ്റുകളുടെ ഇടവേളയില്‍ അടുത്ത ഗോള്‍. യൊഹാന്‍റെ താഴ്‌ന്നുപറന്ന ക്രോസില്‍ ഗ്രാനെല്‍ കാലുവെച്ചതോടെ ജിറോണയുടെ ലീഡ് മൂന്നായി.

61-ാം മിനുറ്റില്‍ കാലി, പോപ്ലാറ്റ്‌നിക്, കിസിറ്റോ എന്നിവര്‍ക്ക് പകരം ലാല്‍റുവാത്താര, നെഗി, ഡംഗല്‍ എന്നിവരെ ബ്ലാസ്റ്റേഴ്സിറക്കി. പിന്നാലെ സ്റ്റൊജനോവിച്ചിന് പകരം നര്‍സാരിയും എത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ അഴിച്ചുപണിക്കിടയില്‍ നാലാം വില്ലുലച്ച് ബെനിറ്റസിന്‍റെ ലോംഗ് റേഞ്ചര്‍ വലയിലെത്തി. ജിറോണയുടെ ഗോള്‍മഴ നാലില്‍ ഒതുങ്ങുമെന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ ബ്ലാസ്റ്റേഴ്‌സ് പെനാല്‍റ്റിയും വഴങ്ങി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഗാര്‍സ്യ പട്ടിക തികച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്