ഏകദിന റാങ്കിംഗ്: ഡിവില്ലിയേഴ്സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി

By Web DeskFirst Published Jan 27, 2017, 8:35 AM IST
Highlights

ദുബായ്: ബാറ്റ്സ്മാന്‍മാരുടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശിയെത്തി. ദീര്‍ഘനാള്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ആണ് പുതിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. പരിക്കുമൂലം ആറുമാസമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്ന ഡിവില്ലിയേഴ്സ് കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 മത്സരത്തിലൂടെയാണ് രാജ്യാന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. വാര്‍ണര്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി മൂന്നാം സ്ഥാനത്തായി.

ആദ്യ പത്തില്‍ കൊഹ്‌ലി മാത്രമാണ് ഇന്ത്യന്‍ സാന്നിധ്യം. മുന്‍ നായകന്‍ എംഎസ് ധോണി ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ സെഞ്ചുറി നേട്ടത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി. രോഹിത് ശര്‍മയാണ് പന്ത്രണ്ടാം സ്ഥാനത്ത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഒറ്റ ഇന്ത്യന്‍ ബൗളര്‍ പോലുമില്ല. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബി പത്താം സ്ഥാനത്തുള്ളപ്പോഴാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ആരും ആദ്യ പത്തില്‍ ഇല്ലാത്തതെന്നതും ശ്രദ്ധേയമാണ്.

ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് ഒന്നാം സ്ഥാനത്തും ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം സ്ഥാനത്തുമുള്ള റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള അക്ഷര്‍ പട്ടേലാണ് ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള ഇന്ത്യന്‍ ബൗളര്‍. അമിത് മിശ്ര പതിനാലാം സ്ഥാനത്തും ആര്‍ അശ്വിന്‍ പത്തൊമ്പതാം സ്ഥാനത്തുമാണ്. ദീര്‍ഘനാളായി കളിക്കുന്നില്ലെങ്കിലും വിന്‍ഡീസിന്റെ സുനില്‍ നരെയ്ന്‍ നാലാം സ്ഥാനത്തുണ്ട്.

 

click me!