
ബാഴ്സിലോന: നികുതി വെട്ടിപ്പ് കേസില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്കുള്ള തടവുശിക്ഷ സ്പാനീഷ് സുപ്രീംകോടതി ശരിവച്ചു. മുമ്പ് വിധിച്ച ശിക്ഷയ്‌ക്കെതിരേ മെസിയും പിതാവും സമര്‍പ്പിച്ച അപ്പീല്‍ സ്പാനിഷ് സുപ്രീം കോടതി തള്ളി. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്. 53 ലക്ഷം ഡോളര്‍ (മുപ്പതു കോടി രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായി നികുതി വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു. 2007-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
21 മാസത്തെ തടവിന് മെസിയെ ശിക്ഷിച്ചെങ്കിലും അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല. വിചാരണ വേളയില്‍ ഹാജരായ മെസിയോട് നികുതി വെട്ടിപ്പിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ തനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ, പണം സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പിതാവും സെക്രട്ടറിയുമാണെന്നാണ് മറുപടി നല്‍കിയത്.
2000 മുതല്‍ ബാഴ്‌സലോണയില്‍ സ്ഥിരതാമസക്കാരനായ മെസി 2005ല്‍ സ്പാനിഷ് പൗരത്വവും നേടിയിരുന്നു. ഫോബ്സ് മാഗസിന്‍റെ കണക്കു പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളില്‍ ഒരാളാണ് മെസി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!