കോച്ചിന്റെ അവഗണക്കെതിരെ ജേഴ്‌സി വലിച്ചെറിഞ്ഞും ഡഗ് ഔട്ടില്‍ ഇടിച്ചും പൊട്ടിത്തെറിച്ച് സുവാരസ്

By Web DeskFirst Published Jun 10, 2016, 7:32 AM IST
Highlights

റോസ്ബൗള്‍: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ വെനസ്വേലയ്ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഉറുഗ്വ സ്ട്രൈക്കര്‍മാര്‍ അവസരങ്ങള്‍ ഒന്നൊന്നായി പാഴാക്കുന്നത് സൈഡ് ബെഞ്ചിലിരുന്ന് കണ്ട ലൂയി സുവാരസ് തന്നെ കളത്തിലിറക്കാന്‍ കോച്ച് ഓസ്‌കര്‍ ടബരെസിനോട് കെഞ്ചി. എന്നാല്‍ 100 ശതമാനം കായികക്ഷമതയില്ലാത്ത സുവാരസിനെ ഇറക്കാന്‍ കോച്ച് തയാറായില്ല.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ പണ്ടേ നോട്ടപ്പുള്ളിയായ സുവാരസ് കോച്ചിനോടുള്ള അരിശം തീര്‍ത്തത് റിസര്‍വ് താരങ്ങള്‍ അണിയാറുള്ള മേല്‍ക്കുപ്പായം പരസ്യമായി വലിച്ചെറിഞ്ഞുകൊണ്ടായിരുന്നു. ഡഗ് ഔട്ടിലെ ഗ്ലാസ് ഭിത്തിയില്‍ ആഞ്ഞിടിക്കുകയും ചെയ്തു. വെനിസ്വെലയ്‌ക്കെതിരായ മത്സരത്തിന്റെ അവസാന നിമിഷം വരെയും സുവാരസ് കോച്ചിനോട് തന്നെ കളത്തിലിറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മത്സരശേഷം ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കളിക്കാരനെയും 100 ശതമാനം ഫിറ്റല്ലെങ്കില്‍ താന്‍ കളിപ്പിക്കില്ലെന്നായിരുന്നു കോച്ച് ഓസ്‌കാര്‍ ടബെരെസിന്റെ പ്രതികരണം.

ബാഴ്സയ്ക്കായി മിന്നുന്ന ഫോമില്‍ കളിച്ച സുവാരസിന് ഉറുഗ്വ മുന്നേറ്റ നിരക്കാരായ എഡിസന്‍ കവാനിക്കും സ്റ്റുവാനിയും അവസരങ്ങള്‍ തുലയ്ക്കുന്നത് സൈഡ് ബെഞ്ചിലിരുന്ന് കണ്ടിരിക്കാനെ കഴിഞ്ഞുള്ളു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് ഉറുഗ്വ കോപ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.നേരത്തെ മെക്‌സിക്കയോടും (3-1) ഉറുഗ്വെ തോറ്റിരുന്നു. പുറത്തായെങ്കില്‍ ഒരു മത്സരം കൂടി കോപയില്‍ ഉറുഗ്വെയ്ക്ക് അവശേഷിക്കുന്നുണ്ട്. ജമൈക്കായാണ് ഉറുഗ്വെയുടെ അടുത്ത എതിരാളി.

click me!