യോര്‍ക്കറുകളുടെ രാജാവായ ബേസില്‍ ടീമിലെത്തിയത് ഇങ്ങനെ

By Web DeskFirst Published Dec 4, 2017, 8:25 PM IST
Highlights

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ ഇന്ത്യയിറങ്ങുക ബേസില്‍ തമ്പിയെന്ന പുത്തന്‍ ആയുധവുമായി. മലയാളി താരം ബേസില്‍ തമ്പിയുടെ സ്വപ്നം യാതാര്‍ത്ഥ്യമായത് നീണ്ട കാത്തിരിപ്പിന് ശേഷമാണ്. ഐപിഎല്ലില്‍ സാക്ഷാല്‍ ക്രിസ് ഗെയിലിനെ വീഴ്ത്തിയ ബേസിലിന്‍റെ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടി നേടിയിരുന്നു‍.

രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഹരിയാനക്കെതിരായ നിര്‍ണായക രഞ്ജി ട്രോഫി മത്സരത്തിൽ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയിരുന്നു ഈ പേസ് ബൗളര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഐപിഎല്ലിലെ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഭാവി താരമായി തിരഞ്ഞെടുക്കപ്പെട്ട ബേസിലിനെ ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത് പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ ഭാവി വാഗാദാനങ്ങളിലൊരാളായ ബേസിലിന് ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രതിഭയുണ്ടെന്നാണ് മക്‌ഗ്രാത്ത് അന്ന് അഭിപ്രായപ്പെട്ടത്. ബേസിലിന്‍റെ മികച്ച പേസും കൃത്യതയുമാണ് ഓസീസ് ഇതിഹാസത്തെ ആകര്‍ഷിച്ചത്.

ഐപിഎല്ലിനു തൊട്ടുപിന്നാലെ ബേസില്‍ ഇന്ത്യന്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായി ഫലം.  ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ടീം തിരഞ്ഞെടുപ്പുകളില്‍ താരം പുറത്തായി. എന്നാല്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ ബേസില്‍ പന്തും ബാറ്റും കൊണ്ട് തിളങ്ങിയപ്പോള്‍ സെലക്ടര്‍മാര്‍ ബേസിലിനെ റാഞ്ചി.

നേരത്തെ ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിലും താരം തിളങ്ങിയിരുന്നു. മഹേന്ദ്രസിംഗ് ധോണിക്ക് കീഴില്‍ കളിക്കണമെന്ന ആഗ്രഹം സാധ്യമായില്ലെങ്കിലും അദേഹത്തിനൊപ്പം കളിക്കാന്‍ ക്ഷണം ലഭിച്ചിരിക്കുകയാണ് ബേസിലിന്. കഠിനാധ്വനവും ആത്മവിശ്വാസവും കൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്ന മലയാളിയെ ഇനി ഇന്ത്യന്‍ ജഴ്സിയില്‍ കാണാം.

click me!