
സിഡ്നി: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ല്‍ വീണ്ടും വിവാദത്തില്‍. ഓസ്ട്രേലിയയില്‍ നടന്ന 2015ലെ ഏകദിന ലോകകപ്പിനിടെ ഡ്രസ്സിംഗ് റൂമിലെത്തിയ വനിതാ മസാജര്‍ക്കു മുമ്പില്‍ നഗ്നത കാട്ടിയെന്നാണ് ഗെയ്‌ലിനെതിരായ ആരോപണം. ഓസീസ് മാധ്യമ ഗ്രൂപ്പായ ഫെയര്‍ഫാക്സ് മീഡിയ ഈ വര്‍ഷമാദ്യം പുറത്തുവിട്ട വാര്‍ത്തയ്ക്കെതിരെ ഗെയ്ല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ സിഡ്നി കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ മസാജര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചതോടെ ഗെയ്ല്‍ കുരുക്കിലായി.വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ മസാജറായിരുന്ന ലെന്നി റസലാണ് പരാതിക്കാരി. 2015 ലോകകപ്പിലാണ് ലെന്നി വിന്‍ഡീസ് ടീമിനൊപ്പം മസാജറായി പ്രവര്‍ത്തിച്ചത്.
ടവല്‍ തെരഞ്ഞ് ഡ്രസ്സിംഗ് റൂമിലെത്തിയ തന്നോട് എന്താണ് തെരയുന്നതെന്ന് ഗെയ്‌ല്‍ ചോദിച്ചു. ടവല്‍ തെരയുകയാണെന്ന് പറഞ്ഞപ്പോള്‍ ഗെയ്‌ല്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ചുമാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാണ് ലെന്നി കോടതിയില്‍ പറഞ്ഞത്. ഗെയ്‌ലിന്റെ നടപടിയില്‍ അമ്പരന്ന ലെന്നി ഉറക്കെ കരഞ്ഞുവെന്നും തീര്‍ത്തും അസ്വസ്ഥയായെന്നും പറഞ്ഞു. സംഭവം അപ്പോള്‍ തന്നെ വിന്‍ഡീസ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ലെന്നി വ്യക്തമാക്കി.
അതിനിടെ, വിന്‍ഡീസ് ടീമിലെ ഗെയ്‌ലിന്റെ സഹതാരമായ ഡ്വയിന്‍ സ്മിത്തും മസാജറോട് മോശമായി പെരുമാറിയെന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഗെയ്ല്‍ സംഭവത്തിന്റെ തലേന്ന് സ്മിത്തിന്റെ മസാജിംഗ് പൂര്‍ത്തിയാക്കി മടങ്ങിയശേഷം ലെന്നിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ലെന്നിക്ക് 'സെക്സി' എന്ന് പറഞ്ഞ് ടെക്സ്റ്റ് സന്ദേശം അയച്ചതായി സ്മിത്ത് കോടതിയില്‍ സമ്മതിച്ചിരുന്നു.
വിചാരണക്കോടതിയില്‍ ഗെയ്‌ല്‍ ആരോപണങ്ങള്‍ നിഷേധിച്ചു. തന്നെ നശിപ്പിക്കാനാണ് ഓസീസ് മാധ്യമങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടതെന്ന് ഗെയ്‌ല്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം പത്തുദിവസത്തോളം തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!