മെസിയുടെ കഴിവില്‍ സംശയമുള്ളവര്‍ മാനസികരോഗികള്‍; മറഡോണക്കെതിരെ ഒളിയമ്പ്

By Web TeamFirst Published Oct 20, 2018, 10:44 PM IST
Highlights

മെസിയുടെ കഴിവില്‍ മാനസികരോഗികള്‍ക്ക് മാത്രമേ സംശയമുണ്ടാകൂ എന്ന് 1978 ലോകകപ്പ് നേടിയ ടീമില്‍ അംഗമായ കെംപ്‌സ്. മെസി മോശം നായകനാണെന്നും പേടിത്തൊണ്ടനുമാണെന്ന് മറഡോണ വിമര്‍ശനം ഉന്നയിച്ചിരുന്നു...

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം മറഡോണ ഉന്നയിച്ച ആരോപണങ്ങളില്‍ ലിയോണല്‍ മെസിയെ പിന്തുണച്ച് മുന്‍ ലോകകപ്പ് ജേതാവ് മരിയോ കെംപ്‌സ്. മെസിയുടെ കഴിവില്‍ മാനസികരോഗികള്‍ക്ക് മാത്രമേ സംശയമുണ്ടാകൂ എന്ന് 1978 ലോകകപ്പ് നേടിയ അര്‍ജന്‍റീനന്‍ ടീമില്‍ അംഗമായ കെംപ്‌സ് പറഞ്ഞു. മെസി മോശം നായകനാണെന്നും മത്സരത്തിന് മുന്‍പ് 20 തവണ ശുചിമുറിയില്‍ പോകുന്ന പേടിത്തൊണ്ടനുമാണെന്ന് മറഡോണ വിമര്‍ശനം ഉന്നയിച്ചിരുന്നു.

മറഡോണയുടെ അതിരുകടന്ന വിമര്‍ശനങ്ങളില്‍ വ്യാപകമായ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കെംപ്‌സിന്‍റെ പ്രതികരണം. ഒരു താരത്തിനും ഒറ്റയ്ക്ക് ലോകകപ്പ് കിരീടം നേടാനാവില്ലെന്ന് കെംപ്‌സ് വ്യക്തമാക്കി. മറഡോണ മെക്സിക്കന്‍ ടീമിനെ പരിശീലിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കണമെന്ന് കെംപ്‌സ് ഉപദേശിച്ചു.
സൗഹൃദമത്സരത്തില്‍ മെസിയില്ലാതെ ബ്രസീലിനോട് തോല്‍വി വഴങ്ങിയ അര്‍ജന്‍റീനന്‍ ടീമിന്‍റെ പ്രതിരോധത്തെയും മുന്‍താരം പ്രശംസിച്ചു. അവര്‍ നന്നായി കളിച്ചു. അര്‍ജന്‍റീനന്‍ ടീമില്‍ പുതുയുഗം ഉദിച്ചുകഴിഞ്ഞതായും കെംപ്‌സ് പറഞ്ഞു.

മെസിക്ക് അര്‍ജന്‍റീനയെ ലോകകപ്പ് ജേതാക്കളാക്കാന്‍ കഴിഞ്ഞില്ലെന്നും മറഡോണ അന്ന് വിമര്‍ശിച്ചിരുന്നു. മെസി ലോകോത്തര താരമാണ്, എന്നാല്‍ മികച്ച നായകനല്ല'. സമ്മര്‍ദം കുറയ്ക്കാന്‍ മെസിയില്‍ നിന്ന് നായകസ്ഥാനം മാറ്റണം. മെസി ദേശീയ ടീമിലേക്ക് ഇനി തിരിച്ചുവരരുതെന്നും മറഡോണ കുറ്റപ്പെടുത്തി. എന്നാല്‍ മറഡോണയ്ക്ക് മറുപടിയുമായി മെസിയുടെ കുടുംബവും സാവിയും രംഗത്തെത്തിയിരുന്നു. വിവരമില്ലാത്തത് കൊണ്ടാണ് മെസിക്കെതിരെ മറഡോണ പ്രസ്താവന നടത്തുന്നത്  എന്നായിരുന്നു മെസിയുടെ കുടുംബത്തിന്‍റെ പ്രതികരണം. 

click me!