
ബാഴ്‌സലോണ: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് ലിയോണല്‍ മെസി. നെയ്‌മര്‍ ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളെ കുറിച്ച് മാര്‍സയോട് പ്രതികരിക്കുകയായിരുന്നു മെസി. എന്നാല്‍ നെയ്‌മറുടെ തിരിച്ചുവരവ് എളുപ്പമായിരിക്കില്ലെന്നും ബാഴ്‌സലോണ നായകന്‍ പറഞ്ഞു. നാല് സീസണുകളില്‍ ബാഴ്‌സയില്‍ കളിച്ച ശേഷമാണ് നെയ്‌മര്‍ പിഎസ്‌ജിയിലേക്ക് ചേക്കേറിയത്.
താനും നെയ്‌മറും ഉറ്റ സുഹൃത്തുക്കളാണ്. മറ്റ് താരങ്ങളേക്കാളേറെ, നെയ്‌മര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ വിസ്‌മയകരമായിരുന്നു. ഒട്ടേറെ സമയം ഒന്നിച്ച് ചിലവഴിക്കാനായി. എന്നാല്‍ പാരിസ് വിടാന്‍ നെയ്‌മര്‍ക്ക് എളുപ്പം കഴിയില്ലെന്ന് തിരിച്ചറിയുന്നതായും മെസി പറഞ്ഞു. സൂപ്പര്‍താരമായ നെയ്‌മറെ വിട്ടുകൊടുക്കാന്‍ പിഎസ്ജിക്ക് താല്‍പര്യമുണ്ടാകില്ലെന്നും മെസി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്‌മറെ ബാഴ്‌സയില്‍ നിന്ന് പിഎസ്‌ജി റാഞ്ചിയത്.
മുന്‍ പരിശീലകന്‍ പെപ് ഗാര്‍ഡിയോള ബാഴ്‌സയില്‍ മടങ്ങിയെത്തുന്നത് കാണാനും ആഗ്രഹമുണ്ടെന്നും മെസി പറഞ്ഞു. ഗാര്‍ഡിയോളക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് അദേഹം. അതുകൊണ്ടാണ് അദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നതും മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്നതും. എന്നാല്‍ ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ ഗാര്‍ഡിയോളയുടെ മടങ്ങിവരവും സങ്കീര്‍ണമാണെന്ന് മെസി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!