ധോണി വിമര്‍ശകര്‍ക്ക് ഓസിസ് ഇതിഹാസത്തിന്‍റെ മറുപടി

By Web TeamFirst Published Jul 31, 2018, 3:11 PM IST
Highlights

കേവലം രണ്ട് ഇന്നിംഗ്സുകള്‍ കൊണ്ട് വിലയിരുത്തേണ്ട താരമാണോ ധോണിയെന്ന് ചോദ്യം

ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത നേട്ടം സമ്മാനിച്ച ക്യാപ്ടന്‍ കൂളാണ് മഹേന്ദ്ര സിംഗ് ധോണി. ഏകദിന ലോകകപ്പും ടി ട്വന്‍റി ലോകകപ്പുമടക്കമുള്ള വലിയ നേട്ടങ്ങള്‍ ഇന്ത്യ എത്തിപ്പിടിച്ചപ്പോള്‍ പടനായകന്‍റെ വേഷത്തിലെ ധോണിയുടെ തന്ത്രങ്ങളാണ് വാഴ്തപ്പെട്ടത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിനിഷര്‍ എന്ന ഖ്യാതിക്കും ഉടമ മറ്റാരുമല്ല.

എന്നാല്‍ ധോണി വിരമിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ആരാധകരുടെയും മുന്‍ താരങ്ങളുടെയുമൊക്കെ ഇടയില്‍ നിന്ന് ഉയരുന്നത്. ഇംഗ്ലണ്ടിലെ രണ്ട് ഏകദിനങ്ങളിലെ പ്രകടനം മോശമായതിന്‍റെ പേരിലാണ് എല്ലാവരും ചേര്‍ന്ന് ധോണിയെ പഞ്ഞിക്കിടുന്നത്. ഇഴഞ്ഞു നീങ്ങിയുള്ള ബാറ്റിംഗാണ് ധോണിയുടെതെന്നാണ് ഇവരുടെ പക്ഷം.

സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ ധോണി വിരമിക്കേണ്ട സമയമായെന്ന് ഓര്‍മ്മപ്പെടുത്തി രംഗത്തെത്തിയപ്പോള്‍ സച്ചിനും ശാസ്ത്രിയും ധോണി തീരുമാനിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ രംഗവും നിലവില്‍ തീരുമാനം ധോണിക്ക് വിട്ടിരിക്കുകയാണ്. എന്നാല്‍ ഒരു ഭാഗത്ത് ധോണിയുടെ രക്തത്തിനായി മുറവിളി ശക്തമാണ്.

അതിനിടയിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളായ മൈക്ക് ഹസി ധോണിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. കേവലം രണ്ട് ഇന്നിംഗ്സുകളുടെ പേരില്‍ മാത്രം വിലയിരുത്തപ്പെടേണ്ട താരമാണോ ധോണിയെന്ന ചോദ്യമാണ് ഹസി മുന്നോട്ട് വയ്ക്കുന്നത്.

ധോണിയുടെ കാലം കഴിഞ്ഞിട്ടില്ലെന്നും എഴുതിതള്ളാറായിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ധോണിയെന്ന പ്രതിഭയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാ താരങ്ങളും ഇടയ്ക്ക് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഹസി ചൂണ്ടികാട്ടി.

രണ്ട് ഇന്നിംഗ്സുകളില്‍ തിളങ്ങാനായില്ലെന്നതുകൊണ്ട് മാത്രം ധോണിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഹസി കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമില്‍ ധോണിയുടെ സഹതാരമായിരുന്നു ഹസി.

click me!