കോലിയുടേതല്ല, ആ ഇന്ത്യന്‍ താരത്തിന്റെ വിക്കറ്റാണ് ഏറ്റവും വിലപ്പെട്ടത്: അമീര്‍

By Web TeamFirst Published Oct 17, 2018, 12:57 PM IST
Highlights

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ എങ്ങനെയാണ് വീഴ്ത്തിയതെന്ന് വിശദീകരിച്ച് പാക് പേസര്‍ മുഹമ്മദ് അമീര്‍. വോയ്സ് ഓഫ് ക്രിക്കറ്റ് ഷോയില്‍ പങ്കെടുത്താണ് അമീര്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ എങ്ങനെയാണ് വീഴ്ത്തിയതെന്ന് വിശദീകരിച്ച് പാക് പേസര്‍ മുഹമ്മദ് അമീര്‍. വോയ്സ് ഓഫ് ക്രിക്കറ്റ് ഷോയില്‍ പങ്കെടുത്താണ് അമീര്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അനുഭവങ്ങള്‍ പങ്കുവെച്ചത്.

കോലി ക്രീസിലെത്തിയപ്പോള്‍ ഇന്‍സ്വിംഗറുകള്‍ എറിയാനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ കോലി ബീറ്റണ്‍ ആവുകയും ചെയ്തു. രോഹിത് ശര്‍മയെയും ഇന്‍സ്വിംഗറിലാണ് ഞാന്‍ വിഴ്‌ത്തിയത്. കോലിയെ നേരത്തെ അസ്ഹര്‍ അലി വിട്ടുകളഞ്ഞത് എന്നെ ശരിക്കും ദേഷ്യം പിടിപ്പിച്ചിരുന്നു. കോലി ക്രീസില്‍ നിന്നാല്‍ കളി ജയിപ്പിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട് കോലിയുടെ വിക്കറ്റ് കിട്ടാനായി ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. അടുത്ത പന്തില്‍ ഷദാബ് ഖാന്റെ ഉജ്വല ക്യാച്ചില്‍ കോലിയുടെ വിക്കറ്റ് കിട്ടുകയും ചെയ്തു.

കോലിയുടേതാണോ സച്ചിന്റേതാണോ ഏറ്റവും വിലപ്പെട്ട വിക്കറ്റെന്ന അവതാരക സൈനബ അബ്ബാസിന്റെ ചോദ്യത്തിന് അമീറിന്റെ മറുപടി ഇതായിരുന്നു. രണ്ടുപേരുടെ വിക്കറ്റുകളും ഏറ്റവും വിലപ്പെട്ടതാണ്. കാരണം രണ്ടുപേരും മികച്ച ബാറ്റ്സ്മാന്‍മാരാണ്. എന്നാലും സച്ചിന്റെ വിക്കറ്റാണ് ഞാന്‍ ഏറ്റവും വിലമതിക്കുന്നത്. കാരണം സച്ചിന്റെ വിക്കറ്റെടുക്കുമ്പോള്‍ ഞാനൊരു പുതുമുഖ ബൗളറായിരുന്നു. അതുകൊണ്ടുതന്നെ സച്ചിന്റെ വിക്കറ്റ് എനിക്കെപ്പോഴും സ്പെഷലാണ്-അമീര്‍ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിനായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തപ്പോള്‍ 30.3 ഓവറില്‍ ഇന്ത്യ 158 റണ്‍സിന് ഓള്‍ ഔട്ടായി.

click me!