ലോകകപ്പ് ടീമില്‍ കോലിയുടെ സ്ഥാനം മാറുമോ; പരിശീലകന് ചീഫ് സെലക്‌ടറുടെ പിന്തുണ

By Web TeamFirst Published Feb 18, 2019, 2:27 PM IST
Highlights

ലോകകപ്പില്‍ കോലിയെ നാലാം നമ്പറില്‍ ഇറക്കുന്നത് ആലോചനയിലാണെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍ വിവാദമായിരുന്നു. 

മുംബൈ: ബാറ്റിംഗ് ക്രമത്തില്‍ മൂന്നാം നമ്പറില്‍ ഇന്ത്യയുടെ വിശ്വസ്‌തനാണ് നായകന്‍ വിരാട് കോലി. ലോകകപ്പില്‍ കോലിയെ നാലാം നമ്പറില്‍ ഇറക്കുന്നത് ആലോചനയിലാണെന്ന പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍ വിവാദമായിരുന്നു. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കോലിയുടെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വിമര്‍ശനങ്ങളുയര്‍ന്നു. എന്നാല്‍ രവി ശാസ്ത്രിക്ക് ഇപ്പോള്‍ മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദിന്‍റെ പിന്തുണ ലഭിച്ചിരിക്കുന്നു. 

കോലിയെ നാലാം നമ്പറില്‍ ബാറ്റിംഗിനയക്കാമെന്ന രവി ശാസ്ത്രിയുടെ ചിന്ത ഗംഭീരമാണ്. നമുക്ക് കാത്തിരുന്ന് കാണാം. കാരണം, വിരാട് മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്‌ച‌വെക്കുന്ന താരമാണ്. ഏകദിന റാങ്കിംഗിലെ നമ്പര്‍ വണ്‍ ബാറ്റ്സ്‌മാനാണ് അയാള്‍. കോലി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങേണ്ടത് ടീമിന്‍റെ ആവശ്യമാണെങ്കില്‍ അത് നടപ്പാക്കും. എന്നാല്‍ ടീമിന്‍റെ ഘടനയും ആവശ്യവും പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും എം എസ് കെ പ്രസാദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. 

ഇപ്പോള്‍ മൂന്നാമത് ഇറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ലോകകപ്പില്‍ നാലാമനായി ഇറക്കാന്‍ സാധ്യതയേറെയാണെന്ന് ക്രിക്ക് ബസിന് അനുവദിച്ച അഭിമുഖത്തിലാണ് ശാസ്ത്രി പറഞ്ഞത്. എന്നാല്‍ മൂന്നാം സ്ഥാനത്തിന് അനുയോജ്യനായ ഒരു താരത്തെ കാണേണ്ടതുണ്ട്. സാഹചര്യം ആവശ്യപ്പെടുമെങ്കില്‍ അമ്പാട്ടി റായുഡുവിനെയോ അല്ലെങ്കില്‍ മറ്റൊരു താരത്തെയോ മൂന്നാം സ്ഥാനത്ത് കളിപ്പിക്കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞിരുന്നു.

ഏകദിനത്തില്‍ കോലി 39ല്‍ 32 സെഞ്ചുറികളും അടിച്ചെടുത്തത് മൂന്നാം നമ്പറിലാണ്. 222 ഏകദിനങ്ങളില്‍ 59.50 ശരാശരിയില്‍ 10533 റണ്‍സാണ് കോലിയുടെ സമ്പാദ്യം. നാലാം നമ്പറില്‍ 58.13 ശരാശരിയില്‍ 1744 റണ്‍സെന്ന മികച്ച റെക്കോര്‍ഡും കോലിക്കുണ്ട്. 

click me!