മുഹമ്മദ് അലിയുടെ സംസ്‌ക്കാരം വെള്ളിയാഴ്‌ച നടക്കും

By Web DeskFirst Published Jun 5, 2016, 1:23 AM IST
Highlights

വാഷിങ്ടണ്‍: ബോക്‌സിംഗ് ഇകിഹാസം മുഹമ്മദ് അലിക്ക് ലോകത്തിന്റെ ആദരാഞ്ജലി. ലോകത്തെ വിറപ്പിച്ച കായിക താരമാണ് അലിയെന്ന് ഒബാമ ട്വീറ്റ് ചെയ്തു. അലിയുടെ സംസ്‌കാരം വെള്ളിയാഴ്ച  ജന്മനാടായ ലൂയിസ് വില്ലെയിലെ കെന്റക്കില്‍ നടക്കും. ഇടിക്കൂട്ടില്‍ എതിരാളികളെ അനായാസം ഇടിച്ചിട്ട മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍സ് രോഗത്തോട് മല്ലിട്ടത് 32 വര്‍ഷം. പ്രതിരോധ ശേഷി പൂര്‍ണമായും നഷ്ടപ്പെട്ട് രക്തസമ്മര്‍ദ്ദം താഴ്ന്ന് ഒടുവില്‍ അലി മരണത്തിന് മുന്നില്‍ തലകുനിച്ചു.

അലിയുടെ ജന്മദേശമായ ലൂയിസ് വില്ലെയിലെ കെന്റക്കില്‍ രണ്ട് ദിവസം പൊതുദര്‍ശനം. വെള്ളിയാഴ്ച കേവ് ഹില്‍ ശ്മശാനത്തില്‍ മുസ്ലിം ആചാരപ്രകാരം മൃതദേഹം മറവ് ചെയ്യും. ലോകം മുഴുവനുമുള്ള അലി ആരാധകര്‍ക്കായി സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.

1942 ജനുവരി 17ന് അമേരിക്കയിലെ കെന്റുകിയിലുള്ള ലൂയി വില്ലയില്‍ ജനിച്ച അദ്ദേഹം മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും ഒളിമ്പിക് ചാമ്പ്യനായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1960ലെ റോം ഒളിമ്പിക്സില്‍ 81 കിലോഗ്രാം ഹെവി വെയ്റ്റ് ബോക്സിങില്‍ സ്വര്‍ണം നേടിയതോടെ ക്ലാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലി ലോക പ്രശസ്തിയിലേക്കുയര്‍ന്നു. വെറും 19 വയസുമാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പ്രതിഷേധ സൂചകമായി ഇസ്ലാം മതം സ്വീകരിക്കുകയും 1964ല്‍ സ്വന്തം പേര് മുഹമ്മദ് അലി എന്ന് മാറ്റുകയും ചെയ്തു. 1964ല്‍ തന്നെ അദ്ദേഹം ലോക കിരീടം സ്വന്തമാക്കിയെങ്കിലും 1967ല്‍ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് അത് തിരിച്ചെടുത്തു. ഒരൊറ്റ വിയറ്റ്നാംകാരനും തന്നെ കറുത്തവനെന്ന് വിളിച്ച് അപമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കയിലെ സാമൂഹ്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയായിരുന്നു മുഹമ്മദ് അലി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അലി റിങ്ങില്‍ മടങ്ങിയെത്തിയത്.

1974ല്‍ വീണ്ടും അലി ലോക ചാംപ്യനായി. 1978ല്‍ കിരീടം നഷ്ടമായെങ്കിലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപിടിച്ചു.

click me!