ബിസിസിഐക്കെതിരെ തുറന്നടിച്ച് വീണ്ടും ശ്രീശാന്ത്

By Web DeskFirst Published Oct 23, 2017, 10:33 AM IST
Highlights

കൊച്ചി: ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ബിസിസിഐ നടപടിക്കെതിരെ വീണ്ടും തുറന്നടിച്ച് ശ്രീശാന്ത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന ബിസിസിഐയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് ശ്രീശാന്ത് പറഞ്ഞു. ലോധ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബിസിസിഐയിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടിയിരുന്നു. ഇതിനെത്തുടര്‍ന്ന് സംഘടനയില്‍ അടിമുടി മാറ്റം വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചപ്പോള്‍ അതിനെതിരെ സുപ്രീംകോടതിയില്‍ നിയമയുദ്ധം നടത്തുകയാണ് ബിസിസിഐ  ചെയ്തത്. കോടതി ഉത്തരവിനെ ബിസിസിഐ എത്രമാത്രം ബഹുമാനിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും ശ്രീശാന്ത് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തോട് പറഞ്ഞു.

തന്റെ കാര്യം വന്നപ്പോള്‍ മാത്രം ബിസിസിഐ കോടതി ഉത്തരവിനെ വളരെയധികം ബഹുമാനിക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. ആരാണ്, ഏത് ശക്തിയാണ് തനിക്കെതിരായ പുതിയ ഉത്തരവിന് പിന്നിലെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഒത്തുകളിയില്‍ എനിക്കൊപ്പം 13 പേരുകള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ അവരുടെ ആരുടെയും പേരുകള്‍ പരസ്യമാക്കരുതെന്നാണ് ബിസിസിഐ കോടതിയില്‍ കേണപേക്ഷിച്ചത്. ക്രിക്കറ്റിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുമെന്ന കാരണമാണ് ബിസിസിഐ പറഞ്ഞത്. കേസില്‍ അവരെപ്പോലെതന്നെ കുറ്റാരോപിതന്‍ മാത്രമായിരുന്നു ഞാനും. പക്ഷെ ഞാന്‍ ജയിലില്‍ പോയി. എന്റെ കുടുംബം അതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു. കേസില്‍ പൂര്‍ണമായും കുറ്റവിമുക്തനായാണ് ഞാന്‍ തിരിച്ചെത്തിയത്. പക്ഷെ അവരിപ്പോഴും എനിക്കെതിരായ തെളിവുകളെക്കുറിച്ചാണ് പറയുന്നത്- ശ്രീശാന്ത് പറഞ്ഞു.

നേരത്തെ മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കുമെന്ന് പറഞ്ഞത് ക്രിക്കറ്റ് കളിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണെന്നും ശ്രീശാന്ത് പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതില്‍ വിഷമമുണ്ട്. ദുബായിലേതുപോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന ട്വന്റി-20 ലീഗുകകളില്‍ കളിക്കുന്ന കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നും ശ്രീ വ്യക്തമാക്കി. അത്തരം ലീഗുകളില്‍ കളിക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് തടസമായെന്നും ശ്രീ പറഞ്ഞു.

ബിസിസിഐ വിലക്ക് ഹൈക്കോടതി പുനസ്ഥാപിച്ചെങ്കിലും കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു. കോടതി ഉത്തരവ് കൈയില്‍ കിട്ടിയശേഷം അപ്പീല്‍ പോകുന്നതിനെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും ആലോചിക്കും. നാലരക്കൊല്ലമായി കാത്തിരുന്ന തനിക്ക് കുറച്ചുകാലം കൂടി കാത്തിരിക്കുന്നതില്‍ വിഷമമില്ലെന്നും ശ്രീ വ്യക്തമാക്കി.

click me!