ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് നിക്കോളാസ് പുരാന്‍; 29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് വിന്‍ഡീസ് താരം

Published : Jun 10, 2025, 10:39 AM ISTUpdated : Jun 10, 2025, 11:00 AM IST
nicholas pooran wi

Synopsis

വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍ 29-ാം വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 

ആന്റിഗ്വ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 29-ാം വയസിലാണ് പുരാന്റെ വിരമിക്കല്‍ പ്രഖ്യാപനം. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പുരാനാണ്. ടി20 ക്രിക്കറ്റില്‍ പുരാന്‍ തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ വര്‍ഷം ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (170) നേടിയ താരം പുരാനായിരുന്നു. ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്‌സറുകള്‍ നേടാനും കഴിഞ്ഞു.

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനോട് ഇടവേള ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെ നടന്ന പരമ്പരയില്‍ പുരാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. വിന്‍ഡീസിന് വേണ്ടി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത പുരാന്‍ 2016 സെപ്റ്റംബറില്‍ ടി20 മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. 2019 ഫെബ്രുവരിയിലാണ് ഏകദിന അരങ്ങേറ്റം. പക്ഷേ 2023 ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഇടം നേടുന്നതില്‍ പരാജയപ്പെട്ടതിനുശേഷം അദ്ദേഹം ഫോര്‍മാറ്റ് കളിച്ചിട്ടില്ല. 2022-ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പുരാനെ വിന്‍ഡീസിന്റെ ക്യാപ്റ്റനാക്കിയിരുന്നു. രണ്ട് ഫോര്‍മാറ്റുകളിലുമായി 30 മത്സരങ്ങളില്‍ 8 എണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യ റൗണ്ടില്‍ പുറത്തായതോട നായകസ്ഥാനത്ത് നിന്ന് നീക്കി.

വിരമിക്കല്‍ സന്ദേശത്തില്‍ പുരാന്‍ പറഞ്ഞതിങ്ങനെ... ''ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചു. ഇനിയും നല്‍കും. സന്തോഷം മാത്രം. വിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രം. ടീമിനെ നയിക്കാന്‍ സാധിച്ചത് അഭിമാന മുഹൂര്‍ത്തമായി കരുതുന്നു. എന്റെ കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചാലും, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനോടുള്ള സ്‌നേഹം ഒരിക്കലും മങ്ങുകയില്ല. ടീമിന് മുന്നോട്ടുള്ള പാതതിയില്‍ എല്ലാവിധ ആശംസകളും.'' പുരാന്‍ വ്യക്തമാക്കി.

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുരാന് മറുപടിയും നല്‍കിയിട്ടുണ്ട്. ''അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം നിക്കോളാസ് ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന അധ്യായത്തിന് സമാപനമായി. ലോകോത്തര കളിക്കാരനാണ് പുരാന്‍. കളത്തില്‍ അദ്ദേഹത്തിന്റെ പ്രകടനവും ടീമിനുള്ളിലെ സ്വാധീനവും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ടാക്കി.'' വിന്‍ഡീസ് ക്രിക്കറ്റ് വ്യക്തമാക്കി.

വിന്‍ഡീസിന് വേണ്ടി 106 ടി20 മത്സരങ്ങള്‍ കളിച്ച പുരാന്‍ 2275 റണ്‍സ് നേടി. 13 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 61 ഏകദിനങ്ങളില്‍ നിന്ന് 1983 റണ്‍സാണ് സമ്പാദ്യം. മൂന്ന് സെഞ്ചുറിയും 11 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Latest Sports News, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്